ഗുജറാത്ത്: സര്‍വകലാശാല ഓഫിസിന് മുന്‍ വിദ്യാര്‍ഥി തീകൊളുത്തി

വഡോദര: പഠനം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബിരുദം ലഭിക്കാത്തതിനെത്തുടര്‍ന്ന്് പൂര്‍വ വിദ്യാര്‍ഥി  സര്‍വകലാശാലയുടെ ഓഫിസിന് തീവച്ചു. ഗുജറാത്തിലെ എംഎസ് സര്‍വകലാശാലയിലാണ് സംഭവം. 11 വര്‍ഷം മുമ്പ് സര്‍വകലാശാലയിലെ ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തില്‍ വിദ്യാര്‍ഥിയായിരുന്ന ചന്ദ്രമോഹനാണ് ഓഫിസിന് തീക്കൊളുത്തിയതെന്ന് സയാജിഗഞ്ച് പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഹരീഷ് വോറ പറഞ്ഞു. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ജിഗാര്‍ ഇനാംന്ദറിന് നിസ്സാര പരിക്കേറ്റിട്ടുണ്ട്. തീപ്പിടിക്കുന്നതില്‍ നിന്ന് ഫയലുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പരിക്കേറ്റത്. തെലങ്കാനയിലെ വാറങ്കല്‍ ജില്ലക്കാരനായ മോഹന്‍ 2007 മെയിലാണ് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. എന്നാല്‍, ബിരുദം ലഭിച്ചില്ല. ബിരുദം വൈകുന്നതിന്റെ കാരണമറിയാന്‍ അദ്ദേഹം വൈസ് ചാന്‍സലര്‍ പരിമള്‍ വ്യാസിനെ കാണാന്‍ ശ്രമിച്ചിരുന്നു. സര്‍വകലാശാല അധികൃതര്‍ക്ക് നിരവധി കത്തെഴുതിയെങ്കിലും അവരില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. വൈസ് ചാന്‍സലറെ കാണുന്നതു സംബന്ധിച്ച് വ്യാസിന്റെ പിഎയുമായി മോഹന്‍ വാക്കുതര്‍ക്കത്തിലായിയെന്നും തുടര്‍ന്ന് ഓഫിസിലെ സോഫയില്‍ പെട്രോളൊഴിച്ച് തീകൊടുക്കുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. വൈസ് ചാന്‍സലറുടെ ഓഫിസടക്കം രണ്ട് മുറികള്‍ കത്തി നശിച്ചു. ചില ഫയലുകളും രേഖകളും നശിച്ചു. സംഭവം നടക്കുമ്പോള്‍ വൈസ് ചാന്‍സലര്‍ ഓഫിസിലുണ്ടായിരുന്നില്ല. മോഹന്‍ കുറ്റം സമ്മതിച്ചുവെന്ന് പോലിസ് പറഞ്ഞു. 2007ല്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയെന്ന നിലയില്‍ മോഹന്‍ സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ വിവാദമായിരുന്നു. ഹിന്ദു ദേവന്മാരെയും ദേവതകളെയും അശ്ലീലം കലര്‍ത്തി വരച്ചുവെന്നായിരുന്നു ആരോപണം. അന്ന് മോഹനെതിരേ വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം സംബന്ധിച്ച് ആ കാലത്ത് സര്‍വകലാശാലയില്‍ സംവാദവും നടന്നിരുന്നു. സംഭവം ദു:ഖകരമാണെന്നും ഒരു ദിവസം കൂടി തന്നെ കാണാന്‍ വിദ്യാര്‍ഥിക്ക് കാത്തിരിക്കാമായിരുന്നുവെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. മോഹനെ പോലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it