ഗുജറാത്ത് വംശഹത്യ അമിത്ഷായെ കക്ഷിചേര്‍ക്കാന്‍ ഹരജി

ന്യൂഡല്‍ഹി: 2002ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ നിലനില്‍ക്കുന്ന ഹരജിയിന്മേല്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷായെ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് സുപ്രിംകോടതിയെ സമീപിച്ചു.

ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കുണ്ടായിരുന്ന പങ്ക് ചൂണ്ടിക്കാണിച്ച് താന്‍ 2011ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്മേലുള്ള തുടര്‍നടപടികളിന്മേല്‍ അമിത്ഷായെ കൂടി കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് സഞ്ജീവ് ഭട്ട് പുതിയ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

അമിത്ഷായെ കൂടാതെ മാധ്യമപ്രവര്‍ത്തകനും ആര്‍.എസ്.എസ്. സഹചാരിയുമായ സ്വാമിനാഥന്‍ ഗുരുമൂര്‍ത്തിയെയും ഹരജിയില്‍ കക്ഷിചേര്‍ക്കണമെന്നും സഞ്ജീവ് ഭട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗോധ്ര ട്രെയിന്‍ ദുരന്തത്തിനു ശേഷം ഹിന്ദു ജനക്കൂട്ടത്തിന് 'പ്രതികാരം' ചെയ്യാന്‍ നരേന്ദ്ര മോദി അനുവാദം നല്‍കിയ, വംശഹത്യ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് നടന്ന ഔദ്യോഗിക യോഗത്തില്‍ സ്വാമിനാഥന്‍ ഗുരുമൂര്‍ത്തിയുമുണ്ടായിരുന്നുവെന്ന് ഹരജിയില്‍ പറയുന്നു.

അനുമതിയില്ലാതെ അവധിയെടുത്തു എന്നതടക്കമുള്ള കാരണങ്ങള്‍ പറഞ്ഞുകൊണ്ട് കഴിഞ്ഞ മാസമാണ് 27 വര്‍ഷത്തെ പോലിസ് സേവനത്തിനു ശേഷം സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സര്‍ക്കാര്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടത്. ഗുജറാത്ത് വംശഹത്യയിലെ നരേന്ദ്ര മോദിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പങ്ക് പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്.
Next Story

RELATED STORIES

Share it