Articles

ഗുജറാത്ത്: രാഷ്ട്രീയമാറ്റത്തിന്റെ സൂചന

കെ  പി  വിജയകുമാര്‍

രാജ്യത്ത് ഒരു രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു ഫലം. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് കടുത്ത വെല്ലുവിളി ഉണ്ടാവുമെന്ന് ഈ ഫലം വ്യക്തമായ സൂചന നല്‍കുന്നുണ്ട്. ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എതിര്‍ക്കാന്‍ ദേശവ്യാപകമായ ഒരു ശക്തി നിലവിലില്ലെന്ന പ്രചാരണത്തിനു തിരിച്ചടിയാവുന്നു. ഗുജറാത്തില്‍ നിന്നാണ് ബിജെപി തങ്ങളുടെ ജൈത്രയാത്ര ആരംഭിച്ചത്. ആ മണ്ണില്‍ വച്ചുതന്നെ തിരിച്ചടികള്‍ക്ക് തുടക്കം കുറിക്കുന്നു. ബിജെപിയുടെ അഹങ്കാരത്തിനും ദുര്‍ഭരണത്തിനും ഗുജറാത്തില്‍ തിരിച്ചടി ഉണ്ടായിരിക്കുന്നു. അതു ഗുജറാത്തില്‍ നിന്ന് ഇന്ത്യാ മഹാരാജ്യം മുഴുവന്‍ പടരാന്‍ അധിക സമയം വേണ്ടിവരില്ല. ഗുജറാത്തില്‍ ബിജെപിയെ തളയ്ക്കാന്‍ കഴിഞ്ഞാല്‍ രാജ്യം മുഴുവന്‍ തളയ്ക്കാമെന്നാണ് കണക്കുകൂട്ടല്‍. വലിയൊരളവില്‍ അത് സാധ്യമായിരിക്കുന്നു. രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ ഗുജറാത്ത് തിരഞ്ഞെടുപ്പുഫലം ബിജെപിക്ക് നിറം മങ്ങിയ വിജയമാണ് സമ്മാനിച്ചത്. നീണ്ട 22 വര്‍ഷം സംസ്ഥാനം ഭരിച്ച പാര്‍ട്ടിക്ക് നിയമസഭയില്‍ മൂന്നക്കസംഖ്യ തികയ്ക്കാന്‍ കഴിഞ്ഞില്ല. പ്രമുഖ ഏജന്‍സികളുടെ പ്രവചനങ്ങളെയും മാധ്യമവിശകലനങ്ങളെയും തള്ളിക്കൊണ്ട് കോണ്‍ഗ്രസ് ഗുജറാത്തില്‍ വമ്പിച്ച മുന്നേറ്റം നടത്തുകയും ചെയ്തു. ആകെയുള്ള 182 സീറ്റില്‍ 99 സീറ്റ് ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ് 77 സീറ്റ് ഉള്‍പ്പെടെ കോണ്‍ഗ്രസ് മുന്ന ണി 80 സീറ്റ് നേടി. മറ്റുള്ളവര്‍ മൂന്നു സീറ്റും കരസ്ഥമാക്കി. വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പായിരുന്നു ഇത്. പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ചുള്ള പോരാട്ടം. വോട്ടെണ്ണലില്‍ അരമണിക്കൂര്‍ നേരത്തോളം കോണ്‍ഗ്രസ് മുന്നിലെത്തി വിജയപ്രതീക്ഷ സൃഷ്ടിച്ചു. നിലവിലെ സഭയില്‍ ബിജെപിക്ക് 115 സീറ്റുകളാണുള്ളത്. തിരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ വരെ തങ്ങള്‍ നേടുമെന്നായിരുന്നു ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കളുടെ അവകാശവാദം. കോണ്‍ഗ്രസ് മുക്തഭാരതത്തിനു  ഗുജറാത്തില്‍ തുടക്കം കുറിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ബിജെപിയുടെ തന്ത്രങ്ങളൊന്നും വേണ്ടവിധം ഇവിടെ ഫലം കണ്ടില്ല. വാസ്തവത്തില്‍ ബിജെപിയെ നേരിടാന്‍ ശക്തമായ ഒരു പ്രതിപക്ഷം ആറു മാസം മുമ്പുവരെ സംസ്ഥാനത്ത് ഉണ്ടായിരുന്നില്ല. രാജ്യസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷ നേതാവിനെയും 14 എംഎല്‍എമാരെയും കോണ്‍ഗ്രസ്സില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. അധാര്‍മികമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിപക്ഷത്തെ തകര്‍ക്കാന്‍ പതിനെട്ട് അടവുകളും ഭരണകക്ഷി പയറ്റിക്കൊണ്ടിരുന്നു. സംഘടനാപരമായി കോണ്‍ഗ്രസ് തകര്‍ന്നുകിടക്കുകയായിരുന്നു. അഹ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാര്‍ട്ടിക്ക് പുതുജീവന്‍ കൈവന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയുടെ സമര്‍ഥമായ ഇടപെടല്‍ വഴി ഗുജറാത്തില്‍ പെട്ടെന്നുതന്നെ ഒരു ബദല്‍ രൂപപ്പെട്ടുവന്നു. പ്രതിപക്ഷമായ കോണ്‍ഗ്രസ്സിന്റെ നിര്‍ജീവമായ അവസ്ഥയിലും ഗുജറാത്തിന്റെ നാനാഭാഗങ്ങളിലും ചെറുതും വലുതുമായ ബഹുജന സമരങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കൊലപാതകങ്ങള്‍, മര്‍ദനങ്ങള്‍, പീഡനങ്ങള്‍, അഴിമതി, വ്യാജമദ്യ വിതരണം, പോലിസ് നരനായാട്ട്, ഗുണ്ടാവിളയാട്ടം എന്നിങ്ങനെ ജനജീവിതത്തിനു നേരെയുള്ള അക്രമങ്ങളെ ശക്തിയുക്തം ചെറുക്കുന്ന ഒരു ജനത ഇവിടെ ഉണ്ടായിരുന്നു. അതേപോലെ പട്ടേല്‍ സമുദായത്തോടുള്ള അവഗണനയ്‌ക്കെതിരേ ഹാര്‍ദിക് പട്ടേല്‍ എന്ന യുവാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭവും ദലിത് പീഡനത്തിനെതിരേ ജിഗ്‌നേഷ് മേവാനിയുടെ പ്രക്ഷോഭവും ഭരണവിരുദ്ധ വികാരവും ബഹുജന സമരങ്ങളിലൂടെ നേടിയെടുത്ത ജനപിന്തുണയും ജാതിസമവാക്യങ്ങളും കൂട്ടിയോജിപ്പിച്ച് ബിജെപിക്കെതിരായ ഐക്യനിര വളര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസ് പരിശ്രമിച്ചു. വലിയ ഒരളവോളം അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സിന്റെയും വിശിഷ്യാ രാഹുല്‍ ഗാന്ധിയുടെയും രാഷ്ട്രീയ ഭാവിക്ക് ഈ 'ഐക്യനിര' നിര്‍ണായകമായി. ഗുജറാത്തിലെ പോരാളികളായ മൂന്നു യുവാക്കളെ ഒപ്പം നിര്‍ത്തി കോണ്‍ഗ്രസ് രാഷ്ട്രീയ പക്വതയും വിശ്വസ്തതയും പ്രകടിപ്പിച്ചുവെന്നത് വലിയ നേട്ടമായി കണക്കാക്കാം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ചെറുതും വലുതുമായ ബഹുജന സംഘടനകള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസ്സിനോടൊപ്പം ചേരാന്‍ ഇതു പ്രചോദനമാവും. കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന് രാജ്യത്ത് ഭാവിയുണ്ടെന്നും അതു വിശ്വസിക്കാന്‍ കൊള്ളാവുന്ന പാര്‍ട്ടിയാണെന്നുമുള്ള തോന്നല്‍ ഉണ്ടാക്കാന്‍ ഗുജറാത്ത് കാരണമായിട്ടുണ്ട്. തിരഞ്ഞെടുപ്പുദിനം അടുക്കുന്നതിനനുസരിച്ച് കോണ്‍ഗ്രസ്സിനു സാധ്യത വര്‍ധിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നുവരെ പ്രതീക്ഷയുണ്ടായി. അതോടെയാണ് ബിജെപി സംസ്ഥാനത്ത് പണമൊഴുക്കി, അധികാര ദുര്‍വിനിയോഗം നടത്തിക്കൊണ്ടുള്ള പ്രചാരവേലകള്‍ തുടങ്ങിയത്. പ്രധാനമന്ത്രി മുപ്പതോളം റാലികളില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിസഭയിലെ മിക്ക മന്ത്രിമാരും കൂട്ടത്തോടെ പ്രചാരണത്തിനിറങ്ങി. സംഘടനാപരമായി കരുത്ത് നേടാനായില്ലെങ്കിലും അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനങ്ങളും സമൂഹമാധ്യമങ്ങളിലെ ഇടപെടലും കൊണ്ട് കോണ്‍ഗ്രസ്സും ഒപ്പത്തിനൊപ്പമെത്തി. ഗുജറാത്തില്‍ കോണ്‍ഗ്രസ്സിനു തലയെടുപ്പുള്ള നേതാക്കളില്ല. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടിയില്ല. ഒറ്റക്കെട്ടായി ഏകമനസ്സോടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിച്ചു എന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ എടുത്തുപറയാനുള്ള കാര്യം. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഇങ്ങനെ സംഭവിക്കാറില്ല. ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് ഇന്നു രാജ്യത്തില്ലല്ലോ. ഈ തിരഞ്ഞെടുപ്പുഫലം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകത പാര്‍ട്ടി നേതാക്കളെയും അണികളെയും ബോധ്യപ്പെടുത്തുമെന്ന് ഉറപ്പാണ്. കേന്ദ്രത്തിന്റെ നോട്ടുനിരോധനവും ജിഎസ്ടി തിരിച്ചടിയും കോണ്‍ഗ്രസ്സിന്റെ മുഖ്യ പ്രചാരണായുധങ്ങളായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ്സിന്റെ സാമ്പത്തിക നയം ബിജെപിയുടേതില്‍ നിന്നു വ്യത്യസ്തമല്ലെന്ന ധാരണ മാറ്റിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ പ്രധാനമന്ത്രി പാകിസ്താന്‍ വിഷയവും മറ്റ് കള്ളത്തരങ്ങളും വിളിച്ചുപറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് തങ്ങളുടെ മതനിരപേക്ഷ നിലപാടില്‍ അല്‍പം വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചത് വലിയ പാളിച്ചയായിപ്പോയി. രാഹുല്‍ ഗാന്ധിയെ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലെല്ലാം കയറ്റി മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചത് മതന്യൂനപക്ഷങ്ങളെ അകറ്റാന്‍ കാരണമായി. ഹിന്ദുത്വ വര്‍ഗീയത ബിജെപിയുടെ സ്വകാര്യ സ്വത്താണ്. കോണ്‍ഗ്രസ് അതേ രീതി സ്വീകരിച്ചാല്‍ ഉണ്ടാവുന്ന ആപത്ത് ഗുജറാത്തിലും ചെറിയ തോതിലാണെങ്കിലും സംഭവിച്ചിട്ടുണ്ട്. മതേതര കാഴ്ചപ്പാടില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിക്കുമ്പോഴൊക്കെ ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍ നിന്നു വിട്ടുപോയിട്ടുണ്ട്. ആ അനുഭവം കോണ്‍ഗ്രസ് മനസ്സിലാക്കേണ്ടതായിരുന്നു. ഗുജറാത്തില്‍ ബിജെപിയുടെ വിജയം പ്രധാനമന്ത്രി മോദിയുടെ വിജയമാണെന്നു കൊട്ടിഘോഷിക്കപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കില്‍ മോദി ജനിച്ചുവളര്‍ന്ന,  ജന്മഗൃഹം നിലനില്‍ക്കുന്ന ഭട്‌നഗറില്‍ ബിജെപി ജയിക്കേണ്ടതല്ലേ? അവിടെ കോണ്‍ഗ്രസ് വിജയക്കൊടി നാട്ടി. ഈ തിരഞ്ഞെടുപ്പില്‍ മോദിപ്രഭാവമൊന്നും അത്രയ്ക്ക് പ്രകടമല്ല. ഭരണത്തിനെതിരായി 46 ശതമാനം ജനങ്ങള്‍ ചിന്തിക്കുന്ന ഒരു സംസ്ഥാനത്ത് കുറച്ചുകൂടി ശക്തമായ ബദല്‍ ഉണ്ടായിരുന്നുവെങ്കില്‍  മോദിപ്രഭാവം പൂര്‍ണമായും അസ്തമിക്കുമായിരുന്നു.              ി
Next Story

RELATED STORIES

Share it