Articles

ഗുജറാത്ത് മോഡല്‍ ഇപ്പോള്‍ യുപിയില്‍

യോഗിയുടെ ഏറ്റുമുട്ടല്‍രാജ്-2 - നേഹ ദീക്ഷിത്
2017 നവംബറില്‍ യോഗി യുപിയില്‍ താന്‍ നിയമവാഴ്ച പുനസ്ഥാപിച്ചെന്ന് അവകാശപ്പെട്ടു. കൈറാന പോലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അതിന്റെ തെളിവുകള്‍ നിങ്ങള്‍ക്കു കാണാമെന്നും യോഗി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നല്‍കിയ സത്യവാങ്മൂലത്തില്‍ തന്റെ പേരില്‍ 150ഓളം ക്രിമിനല്‍ക്കേസുകളുണ്ടെന്ന് യോഗി വെളിപ്പെടുത്തിയിരുന്നു. കൊലപാതകം, ഭീഷണിപ്പെടുത്തല്‍, ലഹള തുടങ്ങിയവയായിരുന്നു കുറ്റകൃത്യങ്ങള്‍. അതായത് കുറ്റവാളികള്‍ യുപി വിടണമെന്നു പറയുന്ന യോഗി തന്നെയാണ് ആദ്യം സ്ഥലംവിടേണ്ടത്.
യുപിയിലെ ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് ചില സവിശേഷതകള്‍ കാണുന്നു. 19നും 40നും ഇടയ്ക്ക് പ്രായമുള്ളവരാണു കൊല്ലപ്പെടുന്നത്. പലരും വിചാരണത്തടവുകാരായിരുന്നു. സംഭവം നടക്കുന്നതിനു തൊട്ടുമുമ്പ് പോലിസിന് അവരെപ്പറ്റി രഹസ്യവിവരം ലഭിക്കുന്നു. കുറ്റവാളികള്‍ ബൈക്കിലോ കാറിലോ നിശ്ചിത സ്ഥലത്തെത്തുന്നു. പോലിസ് അവരെ തടയാന്‍ ശ്രമിക്കുന്നു. അവര്‍ വാഹനം നിര്‍ത്താതെ  വെടിവയ്ക്കുന്നു. തിരിച്ചു വെടിവയ്ക്കുമ്പോള്‍ അവര്‍ വീഴുന്നു. ആശുപത്രിയിലെത്തുമ്പോള്‍ ഡോക്ടര്‍മാര്‍ അവര്‍ മരിച്ചതായി പ്രഖ്യാപിക്കുന്നു. അവരുടെ പക്കല്‍ നിശ്ചയമായും തോക്കും വെടിയുണ്ടകളുമുണ്ടാവും. തുടര്‍ന്ന് പോലിസ് വെടിയേറ്റു മരിക്കുന്നവരുടെ കുറ്റകൃത്യങ്ങളുടെയും അവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കുള്ള പ്രതിഫലത്തുകയും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്‍കും. എന്നാല്‍, യുപി ഐജി ഇടയ്ക്കിടെ പ്രസിദ്ധീകരിക്കുന്ന മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ അവരുടെ പേരുണ്ടാവാറില്ല.
ഈ വ്യവസ്ഥകളൊക്കെ പൂര്‍ത്തിയാക്കിയതായിരുന്നു 2017 ആഗസ്ത് 10ന് ബാഗ്പത് ജില്ലയിലെ ബറാവത്ത് ഗ്രാമത്തില്‍ നടന്ന കൊല. 40കാരനായ ഇഖ്‌റാമിന് പഴക്കച്ചവടമായിരുന്നു തൊഴില്‍. ഒരുദിവസം അയാള്‍ ഒരു ബൈക്കും സ്വര്‍ണമാലയും തട്ടിയെടുത്തു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലിസ് തടഞ്ഞു. അവന്‍ വെടിവച്ചു; പോലിസ് തിരിച്ചു വെടിവച്ചപ്പോള്‍ കൊല്ലപ്പെട്ടു. ബൈക്ക് ഓടിക്കാന്‍ പോലും അറിയാത്ത ഇഖ്‌റാമിന് എങ്ങനെ ഇതൊക്കെ ചെയ്യാന്‍ കഴിയുമെന്ന ആശയക്കുഴപ്പത്തിലാണ് ഭാര്യ ഹനീഫ. ഇഖ്‌റാമിന്റെ ശരീരത്തിലും പീഡനത്തിന്റെ അടയാളങ്ങള്‍ ഏറെയുണ്ടായിരുന്നു.
ജനങ്ങളുടെ അഭിലാഷം പൂര്‍ത്തീകരിക്കാന്‍ പോലിസ് നിയമപരമായി ലഭിച്ച അധികാരം പ്രയോഗിക്കുകയാണെന്നാണ് ഏറ്റുമുട്ടല്‍ കൊലകളെക്കുറിച്ച് ലോ ആന്റ് ഓര്‍ഡര്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ നല്‍കുന്ന വിശദീകരണം. അതിനനുസരിച്ച് യുപി സര്‍ക്കാര്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് പ്രത്യേക പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിക്ക് രണ്ടരലക്ഷമാണ് ഇനാം. ഏറ്റുമുട്ടല്‍ കൊല നടത്തുന്ന പോലിസ് സംഘത്തിന് ഒരുലക്ഷം വരെ പ്രത്യേക പ്രതിഫലം നല്‍കാന്‍ ജില്ലാ പോലിസ് മേധാവിക്ക് യോഗി അനുവാദം നല്‍കി.
ഏറ്റുമുട്ടല്‍ക്കൊല നടത്തുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളോ ഉദ്യോഗക്കയറ്റമോ നല്‍കരുതെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശ നിലനില്‍ക്കുന്നു. വിചാരണത്തടവുകാരെ അറവുമൃഗങ്ങളായി വളര്‍ത്തുന്ന സംസ്ഥാനമാണ് യുപി. ഉത്തര്‍പ്രദേശിലെ വിചാരണത്തടവുകാരില്‍ 27 ശതമാനം മുസ്‌ലിംകളായത് യോഗിക്ക് വലിയ സൗകര്യമായി. 2017 സപ്തംബറില്‍ മാത്രം അഞ്ചു വിചാരണത്തടവുകാരാണ് വെടിയേറ്റു മരിച്ചത്. അഞ്ചും മുസ്‌ലിംകളായിരുന്നു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച ഒരു രേഖ പ്രകാരം രാജ്യത്ത് 2000നും 2017നും ഇടയില്‍ 1782 പേര്‍ 'ഏറ്റുമുട്ടലി'ല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ 794ഉം യുപിയിലായിരുന്നു. ഇത്തരം കേസുകളില്‍ തുടരന്വേഷണം നടക്കുന്നത് കുടുംബാംഗങ്ങള്‍ കോടതിയില്‍ പോവുമ്പോള്‍ മാത്രമാണ്. അങ്ങനെയൊരു സാധ്യത തടയാന്‍ പോലിസ് പരമാവധി ശ്രമിക്കുന്നു. അതിനവര്‍ പല മാര്‍ഗങ്ങളും ഉപയോഗിക്കും; ഭയപ്പെടുത്തും, ഒറ്റുകാരിലൂടെ വിവരങ്ങള്‍ ശേഖരിക്കും. ഉദാഹരണത്തിന്, ശാംലിയിലെ ജഹന്‍പുര ഗ്രാമത്തില്‍ മാത്രം പുതുതായി 70-80 ഒറ്റുകാര്‍ പ്രവര്‍ത്തിക്കുന്നു. പോലിസിനു വിവരം നല്‍കുന്നത് പലര്‍ക്കും നല്ല വരുമാനമാര്‍ഗമാണ്. ഒറ്റുകാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഏറ്റുമുട്ടലിന്റെ എണ്ണവും കൂടുന്നുവെന്ന് ഉന്നത പോലിസ് മേധാവിയായി വിരമിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായ എസ് ആര്‍ ധാരാപുരി വെളിപ്പെടുത്തുന്നു.
ഏതായാലും ഫുര്‍ഖാന്റെ പ്രായപൂര്‍ത്തിയാവാത്ത രണ്ടുമക്കള്‍ ഇപ്പോള്‍ സ്‌കൂള്‍ ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോയിത്തുടങ്ങി. അങ്ങനെ യോഗി ആദിത്യനാഥിന് ഒരു വെടിക്ക് രണ്ടു പക്ഷി.               ി

(അവസാനിച്ചു)

(കടപ്പാട്: ദ വയര്‍)
Next Story

RELATED STORIES

Share it