Flash News

ഗുജറാത്ത് മുസ്‌ലിം വിരുദ്ധ കലാപംഅന്വേഷണത്തിന് മേല്‍നോട്ടം വഹിക്കില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: 2002ല്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ നടന്ന മുസ്‌ലിംവിരുദ്ധ കലാപവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഈ ആവശ്യമുന്നയിച്ച് 15 വര്‍ഷം മുമ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് കോടതിയുടെ ഉത്തരവ്.
നരോദ ഗാം കൂട്ടക്കൊലക്കേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക കോടതിക്ക് രണ്ടാഴ്ച മുമ്പാണ് ഇതു സംബന്ധിച്ച സുപ്രിംകോടതിയുടെ ഉത്തരവ് ലഭിച്ചത്. ആയിരക്കണക്കിന് മുസ്‌ലിംകള്‍ കൊല്ലപ്പെട്ട കലാപത്തില്‍ ബിജെപി സര്‍ക്കാരിന് പങ്കുണ്ടെന്ന ആരോപണം ശക്തമായ പശ്ചാത്തലത്തില്‍ അന്വേഷണം ഗുജറാത്തിനു പുറത്തേക്കു മാറ്റണമെന്നു മനുഷ്യാവകാശ കമ്മീഷന്‍ ഈ ഹരജിയില്‍ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ഇതേ ഹരജി പരിഗണിച്ചാണ് 2008ല്‍ ഗുജറാത്ത് കലാപക്കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ (എസ്‌ഐടി) നിയോഗിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. വിവിധ കോടതി ഉത്തരവുകള്‍ പരിശോധിച്ച സുപ്രിംകോടതി ഈ ഹരജിയിലെ ആവശ്യങ്ങള്‍ ഇക്കാലയളവിനിടെ നടപ്പായിട്ടുണ്ടെന്നു വ്യക്തമാക്കിയാണ് ഇനി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കേണ്ടതില്ലെന്ന് പറഞ്ഞത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഒമ്പത് കേസുകളില്‍ ഇനി നരോദ ഗാം കൂട്ടക്കൊലക്കേസ് മാത്രമാണ് വിചാരണ പൂര്‍ത്തിയാവാനുള്ളത്. ഈ കേസ് വിചാരണ ഉടന്‍ പൂര്‍ത്തിയാക്കാന്‍ എസ്‌ഐടിയോട് കോടതി ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക കോടതിക്ക് ഒക്ടോബര്‍ 16 വരെ സമയം അനുവദിച്ചു. മറ്റ് എട്ട് കേസുകളില്‍ ഇതുവരെ 80 പേരെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it