ഗുജറാത്ത് മുന്‍ ഡിജിപി പി പി പാണ്ഡേക്കെതിരേ ഗോപിനാഥന്‍ പിള്ളയുടെ ഹരജി

ന്യൂഡല്‍ഹി: 19കാരിയായ കോളജ് വിദ്യാര്‍ഥിനി ഇശ്‌റത് ജഹാനെയും സുഹൃത്ത് ജാവീദ് ശെയ്ഖ് എന്ന മലയാളിയായ പ്രാണേഷ് പിള്ളയെയും മറ്റു രണ്ടു പേരെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഗുജറാത്ത് മുന്‍ ഡി ജിപി പി പി പാണ്ഡേയെ കുറ്റവിമുക്തനാക്കുന്നതിനെതിരേ പ്രാണേഷിന്റെ പിതാവ് ഗോപിനാഥന്‍ പിള്ള അഹ്മദാബാദിലെ പ്രത്യേക സിബിഐ കോടതിയില്‍ ഹരജി നല്‍കി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാണ്ഡേ സമര്‍പ്പിച്ച വിടുതല്‍ ഹരജി ചോദ്യംചെയ്താണ് ഗോപിനാഥന്‍ പിള്ള ഹരജി നല്‍കിയിരിക്കുന്നത്. പാണ്ഡേയെ കേസില്‍ നിന്ന് ഒഴിവാക്കിയാല്‍ കൊലപാതകത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് തടസ്സമാവുമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. യഥാര്‍ഥ വസ്തുതകള്‍ വിചാരണക്കോടതിയില്‍ എത്തുന്നത് ഇതു തടയുമെന്നും ഹരജിയില്‍ പറയുന്നുണ്ട്. സംഭവം നടക്കുമ്പോള്‍ പോലിസ് ജോയിന്റ് കമ്മീഷണറായിരുന്ന പാണ്ഡേ, നാലുപേരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനു പിന്നിലെ മുഖ്യ ഗൂഢാലോചനക്കാരനാണ്. ഇക്കാര്യം സാക്ഷികള്‍ മൊഴി നല്‍കിയതാണെന്നും ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്. സംഭവത്തെ ക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പാണ്ഡേ തന്റെ വിടുതല്‍ഹരജിയില്‍ പറയുന്നില്ലെന്നും പിള്ള ചൂണ്ടിക്കാട്ടുന്നുണ്ട്. പാണ്ഡേക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ വിചാരണ നടത്തി നടപടികളുമായി മുന്നോട്ടുപോവണമെന്നും ഗോപിനാഥന്‍ പിള്ള ആവശ്യപ്പെട്ടു. കേസ് ഈ മാസം 16ന് വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it