ഗുജറാത്ത് മുഖ്യമന്ത്രിയെ മാറ്റാന്‍ നീക്കം: ആനന്ദി ബെന്‍ പട്ടേലിനു പകരം നിതിന്‍ ഭായി പട്ടേല്‍

ഗുജറാത്ത് മുഖ്യമന്ത്രിയെ മാറ്റാന്‍ നീക്കം: ആനന്ദി ബെന്‍ പട്ടേലിനു പകരം നിതിന്‍ ഭായി പട്ടേല്‍
X
anandiben-patel

ഗാന്ധിനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കെ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ മാറ്റുന്നകാര്യം ബിജെപി പരിഗണിച്ചുവരുകയാണെന്നു പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പാര്‍ട്ടി ആധിപത്യം നിലനിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും പദ്ധതി തയ്യാറാക്കിയതായും റിപോര്‍ട്ടുണ്ട്. മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ക്കായി നിരവധി കൂടിയാലോചനാ യോഗങ്ങള്‍ നടത്തിയതായും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ആനന്ദിബെന്‍ പട്ടേലിനെ ഗവര്‍ണറായി നിയമിക്കാനും പുതിയ മുഖ്യമന്ത്രിയായി നിതിന്‍ ഭായി പട്ടേലിനെ നാമനിര്‍ദേശം ചെയ്യാനുമാണ് പാര്‍ട്ടി ഒരുങ്ങുന്നത്. ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.
സംസ്ഥാനത്തെ ദരിദ്ര ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട് പദ്ധതികള്‍ ആവിഷ്‌കരിക്കാനും നിര്‍ദേശമുണ്ട്. ഗുജറാത്തിലെ ബിജെപിക്കുള്ളിലെ ആഭ്യന്തര കുഴപ്പങ്ങളും പട്ടേല്‍ സംവരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമാണ് മുഖ്യമന്ത്രിയെ മാറ്റുന്നതില്‍ കലാശിച്ചതെന്നാണ് വിവരം.
സര്‍ക്കാറില്‍ നിര്‍ണായക പദവികള്‍ വഹിക്കുന്ന നിതിന്‍ഭായി പട്ടേല്‍ കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയിലെ വിഭാഗീയത തീര്‍ത്തും ഇല്ലാതാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പട്ടേല്‍ സംവരണ പ്രക്ഷോഭമാണ് ആനന്ദിബെന്‍ പട്ടേലിന് തിരിച്ചടിയായത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയവും ഭരണപരവുമായ ശേഷിയെ ചോദ്യംചെയ്യുന്നതായിരുന്നു പ്രക്ഷോഭം.
Next Story

RELATED STORIES

Share it