ഗുജറാത്ത് മന്ത്രിസഭയില്‍ പ്രതിസന്ധി

അഹ്മദാബാദ്: ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി വകുപ്പ് വിഭജനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെ ലഭിക്കണമെന്ന ആവശ്യമുന്നയിച്ച് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ചുമതല ഏറ്റെടുക്കാത്തതാണ് ബിജെപിക്ക് വെല്ലുവിളിയായിരിക്കുന്നത്. മൂന്നു ദിവസത്തിനകം വകുപ്പ് വിഭജനത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് അദ്ദേഹം മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്.കഴിഞ്ഞദിവസം മറ്റു മന്ത്രിമാര്‍ ചുമതലയേറ്റെങ്കിലും അദ്ദേഹം ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാതെ വിട്ടുനിന്നു. സര്‍ക്കാര്‍ വാഹനം ഉപയോഗിക്കാനും തയ്യാറായില്ല. ആവശ്യങ്ങള്‍ പരിഗണിക്കാതെ ചുമതലയേല്‍ക്കില്ലെന്ന നിലപാടിലാണ് നിതിന്‍ പട്ടേല്‍. അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വവും മന്ത്രിമാരും ശ്രമിച്ചെങ്കിലും വിജയിച്ചില്ല.കഴിഞ്ഞ സര്‍ക്കാരില്‍ ധനകാര്യവും നഗരവികസനവുമാണ് പട്ടേല്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍, ഇത്തവണ റോഡ്, ആരോഗ്യം തുടങ്ങിയ അപ്രധാന വകുപ്പുകളാണ് ലഭിച്ചത്. ഇവ കൂടാതെ മെഡിക്കല്‍ വിദ്യാഭ്യാസം, നര്‍മദ, കല്‍പ്‌സര്‍ പദ്ധതി തുടങ്ങിയ വകുപ്പുകളും ലഭിച്ചു.  ധനകാര്യ വകുപ്പ് നിതിന്‍ പട്ടേലിനേക്കാള്‍ ജൂനിയറായ സൗരഭ് പട്ടേലിനാണ് നല്‍കിയത്. നഗരവികസന വകുപ്പാവട്ടെ, മുഖ്യമന്ത്രി വിജയ് രൂപാണിയില്‍ നിക്ഷിപ്തവുമാണ്. വകുപ്പ് വിഭജനത്തിലെ അതൃപ്തി പാര്‍ട്ടി നേതൃത്വത്തെ പട്ടേല്‍ അറിയിച്ചിട്ടുണ്ടെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി. മുതിര്‍ന്ന നേതാവ് ആനന്ദിബെന്‍ പട്ടേലിനെയാണ് നിതിന്‍ ഇക്കാര്യം അറിയിച്ചതെന്നാണ് വിവരം. വിഷയം ഹൈക്കമാന്‍ഡിനെ അറിയിക്കണമെന്നും ചുമതല മാറ്റിനല്‍കിയില്ലെങ്കില്‍ ഉപമുഖ്യമന്ത്രിപദവി രാജിവയ്ക്കുമെന്നും നിതിന്‍ പട്ടേല്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാല്‍, ബിജെപി ഇക്കാര്യം സമ്മതിച്ചിട്ടില്ല.അതിനിടെ, നിതിന്‍ പട്ടേലിന്റെ സ്വദേശമായ മെഹ്‌സാന ജില്ലയിലെ പട്ടേല്‍ നേതാക്കള്‍ കഴിഞ്ഞദിവസം അദ്ദേഹത്തെ വസതിയിലെത്തി കണ്ട് പിന്തുണ അറിയിച്ചു. പുതിയ സര്‍ക്കാരില്‍ പട്ടേല്‍ സമുദായത്തില്‍നിന്നുള്ള ഏറ്റവും മുതിര്‍ന്ന നേതാവാണ് നിതിന്‍. വകുപ്പു വിഭജനത്തില്‍ അദ്ദേഹത്തോട് കാണിച്ചത് നീതിനിഷേധമാണെന്നും മെഹ്‌സാനയില്‍ നിന്നുള്ള പട്ടേല്‍ സമുദായ നേതാവ് കിരിത് പട്ടേല്‍ പ്രതികരിച്ചു.പട്ടേലിന്റെ അസന്തുഷ്ടിയെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി രൂപാണി തയ്യാറായില്ല. വ്യാഴാഴ്ച വകുപ്പുകള്‍ ലഭിച്ചശേഷം പട്ടേല്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കാതെ തിരക്കിട്ട് സ്ഥലംവിടുകയായിരുന്നു. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ആളാണ് മന്ത്രിസഭയിലെ രണ്ടാമന്‍ എന്നു പറയുന്നത് ശരിയല്ലെന്നാണ് അന്നു രൂപാണി പറഞ്ഞത്. നിതിന്‍ പട്ടേല്‍ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹം രണ്ടാമനായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, നിതിന്‍ പട്ടേലുമായി ബന്ധപ്പെടാനുള്ള വാര്‍ത്താലേഖകരുടെ ശ്രമം വിഫലമായി.
Next Story

RELATED STORIES

Share it