ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്, ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്്

അഹ്മദാബാദ്: ഗുജറാത്ത് നിയമസഭാ സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്്. 89 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പു നടക്കുക. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കു പുറമെ 50 രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാറ്റുരയ്ക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ 57 സ്ത്രീകളടക്കം ആകെ 977 സ്ഥാനാര്‍ഥികള്‍. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും ആദ്യഘട്ട സ്ഥാനാര്‍ഥികളില്‍ ഉള്‍പ്പെടുന്നു. ഈ മാസം 14നാണ് അവസാനഘട്ട വോട്ടെടുപ്പ്. രണ്ടു ഘട്ടങ്ങളിലായി 182 മണ്ഡലങ്ങളിലേക്കാണു വോട്ടെടുപ്പ്. 18നാണു വോട്ടെണ്ണല്‍. രാഷ്ട്രീയമായി നിര്‍ണായകമായ സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത് എന്നീ മേഖലകളിലെ രാജ്‌കോട്ട്, ജുനഗഡ്, അമേരേലി, മോര്‍ബ്, കച്ച്, സുരേന്ദ്രനഗര്‍ ജില്ലകളിലെ വോട്ടര്‍മാരാണ് ഇന്നു പോളിങ് ബൂത്തിലേക്കെത്തുന്നത്. കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികള്‍ നേരിട്ട് ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട പ്രചാരണങ്ങള്‍ക്ക് കോണ്‍ഗ്ര സ്സിനു വേണ്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി മുന്നിട്ടിറങ്ങിയപ്പോള്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയാണു ബിജെപി പ്രചാരണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. നോട്ട് നിരോധനവും ജിഎസ്ടിയും അടക്കമുള്ള നടപടികളെ കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളാക്കി അവതരിപ്പിച്ചായിരുന്നു ബിജെപിയുടെ  പ്രചാരണം. രാജ്യത്തു നിലവിലുള്ള അസഹിഷ്ണുത പ്രചാരണായുധമാക്കിയ കോണ്‍ഗ്രസ് സംസ്ഥാനത്തു ബിജെപിയോട് എതിര്‍പ്പുള്ള പട്ടേല്‍ വിഭാഗം ഉള്‍പ്പെടെയുള്ളവരെ ഒപ്പം നിര്‍ത്തിയുള്ള തന്ത്രമാണു പയറ്റുന്നത്. ഗുജറാത്തിലെ യുവനേതാക്കളായ ജിഗ്‌നേഷ് മേവാനി, ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് ഠാക്കൂര്‍  തുടങ്ങിയവരുടെ പിന്തുണ നേടിയെടുക്കാനും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോ ണ്‍ഗ്രസ്സിനായി. ഒന്നാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി 14 റാലികളെയാണു മേഖലയില്‍ അഭിസംബോധന ചെയ്തത്. എന്നാല്‍, രണ്ടാഴ്ചയോളം തെക്കന്‍ ഗുജറാത്തില്‍ ക്യാംപ് ചെയ്താണു രാഹുല്‍ഗാന്ധി മേഖലയിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചത്. അതിനിടെ, രാജ്യത്തിന്റെ തെക്കന്‍ തീരദേശത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റു പ്രചാരണ പ്രവര്‍ത്തനങ്ങളുടെ അവസാന ദിനങ്ങളില്‍ പ്രതികൂലമായി. കൊടുങ്കാറ്റ് ഭീഷണിയില്‍ നിരവധി പൊതു പരിപാടികള്‍ മാറ്റിവയ്‌ക്കേണ്ടിവന്നിരുന്നു.
Next Story

RELATED STORIES

Share it