ഗുജറാത്ത് നിയമസഭയിലേക്ക് നാലു മുസ്‌ലിംകള്‍

അഹ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ നാല് മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് വിജയം. 2012ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആറ് മുസ്‌ലിംകള്‍ക്ക് സീറ്റ് നല്‍കിയെങ്കിലും രണ്ടുപേരെ മാത്രമാണ് നിയമസഭയില്‍ എത്തിക്കാനായത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇത്തവണയും  ആറ് മുസ്‌ലിംകള്‍ മല്‍സരിച്ചപ്പോള്‍ ബിജെപി ആര്‍ക്കും ടിക്കറ്റ് നല്‍കിയില്ല. അഹ്മദാബാദിലെ ജമാ ല്‍പുര്‍-ഖാദിയ, ദരിയാപുര്‍ മണ്ഡലങ്ങളിലും രാജ്‌കോട്ട് ജില്ലയിലെ വാങ്കനറിലും ദസദയിലുമാണ് മുസ്‌ലിം സ്ഥാനാര്‍ഥികള്‍ ജയിച്ചത്. വാങ്കനറില്‍ കടുത്ത മല്‍സരമാണ് നടന്നത്. അവിടെ മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജാവീദ് പീര്‍സാദ ബിജെപിയിലെ ജിതേന്ദ്ര സോമാനിയെ 1361 വോട്ടിനാണ് തോല്‍പിച്ചത്. ഇവിടെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഉസ്മാന്‍ ഗനി ശേറസ്യയും മല്‍സരരംഗത്തുണ്ടായിരുന്നു. അദ്ദേഹത്തിന് 2808 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഗുജറാത്തില്‍ ആദ്യമായി മല്‍സരിച്ച ആം ആദ്മി പാര്‍ട്ടിയുടെ ഏക മുസ്‌ലിം സ്ഥാനാര്‍ഥിയായിരുന്നു ഉസ്മാന്‍ ഗനി. കോണ്‍ഗ്രസ്സിന്റെ സിറ്റിങ് എംഎല്‍എ ആയ ഗിയാസുദ്ദീന്‍ ശെയ്ഖ് ദാരിയാപുര്‍ സീറ്റ് നിലനിര്‍ത്തി. ബിജെപിയിലെ ഭരത് ബാരോട്ടിനെ 6187 വോട്ടുകള്‍ക്കാണ് അദ്ദേഹം തോല്‍പിച്ചത്. ദരിയാപൂരില്‍ ജെഡിയുവിനും മുസ്‌ലിം സ്ഥാനാര്‍ഥി  ഉണ്ടായിരുന്നു. അദ്ദേഹത്തിന് 82 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ദസദ മണ്ഡലത്തില്‍ നിന്നാണ് നൗഷാദ് സോളങ്കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചത്. ജമാല്‍പുര്‍-ഖാദിയ സീറ്റ് ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. ജമാല്‍പൂര്‍-ഖാദിയയില്‍ സിറ്റിങ് എംഎല്‍എ ഭൂഷണ്‍ ഭട്ടിനെ 29,000ല്‍പരം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ്സിലെ ഇംറാന്‍ യൂസുഫ് ഭായി തോല്‍പിച്ചത്. ആദ്യമായാണ് യൂസുഫ് ഭായി മല്‍സരിച്ചത്. ജമാല്‍പുര്‍-ഖാദിയയില്‍ ബിഎസ്പിക്കും എന്‍സിപിക്കും മുസ്‌ലിം സ്ഥാനാര്‍ഥികളുണ്ടായിരുന്നു.
Next Story

RELATED STORIES

Share it