Flash News

ഗുജറാത്ത് തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്സിനെ പിന്തുണച്ച് ഹാര്‍ദിക് പട്ടേല്‍



ന്യൂഡല്‍ഹി: ഗുജറാത്തില്‍ വീണ്ടും ഭരണം പിടിക്കാമെന്ന ബിജെപി പ്രതീക്ഷയ്ക്കു തിരിച്ചടിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ച് പട്ടേല്‍ സമരസമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍. ബിജെപിയെ ഭരണത്തില്‍ നിന്നു മാറ്റിനിര്‍ത്തുകയാണ് പട്ടേല്‍ സമുദായത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കുന്നത്. തങ്ങള്‍ മുന്നോട്ടുവച്ച മുഴുവന്‍ ആവശ്യങ്ങളും പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയ സാഹചര്യത്തിലാണ് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതെന്നു ഹാര്‍ദിക്  വ്യക്തമാക്കി.  ബിജെപിക്ക് എതിരായി വോട്ട് രേഖപ്പെടുത്തണമെന്ന് എന്റെ സമുദായത്തോട് ഞാന്‍ ആവശ്യപ്പെടും. ഇതോടെ ആര്‍ക്കായിരിക്കണം വോട്ടെന്ന് സമുദായാംഗങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സമുദായത്തെ ഹാര്‍ദിക് പട്ടേല്‍ വില്‍പന നടത്തുകയാണെന്ന മറ്റു പട്ടേല്‍ സംഘടനകളുടെ ആരോപണം അദ്ദേഹം തള്ളി. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ യഥാര്‍ഥ സമുദായ സംരക്ഷകരല്ല. ഇവര്‍ ബിജെപിയുടെ പിണിയാളുകളാണ്. വര്‍ഷങ്ങളായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് സമുദായത്തെ സംരക്ഷിക്കാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവര്‍ പട്ടേല്‍ സമുദായത്തെ അവഗണിക്കുകയാണ് ഉണ്ടായത്. സംവരണം സംബന്ധിച്ച തങ്ങളുടെ ആവശ്യത്തില്‍ നിന്ന് പിറകോട്ടുപോവില്ലെന്നും ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. സംവരണ വിഷയമടക്കം തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ നവംബര്‍ മൂന്നിനകം നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കില്ലെന്ന് പട്ടേല്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ പട്ടേല്‍ സമുദായങ്ങള്‍ക്കും സാമ്പത്തിക പിന്നാക്കവിഭാഗത്തിനു നല്‍കുന്ന സംവരണം നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെയാണ് പരസ്യ പിന്തുണ പ്രഖ്യാപിച്ചതെന്നാണു റിപോര്‍ട്ട്.
Next Story

RELATED STORIES

Share it