Kollam Local

ഗുജറാത്ത് തിരഞ്ഞെടുപ്പ് കഠിനമാണെന്ന് ബിജെപിക്ക് ബോധ്യമായി: കാനം രാജേന്ദ്രന്‍

കൊല്ലം: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ ഇടപെടുന്നുവെന്ന് ബിജെപി മുറവിളി കൂട്ടുന്നത് തിരഞ്ഞെടുപ്പ് കഠിനമാണെന്ന് അനുഭവപ്പെട്ടതുകൊണ്ടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്ഥാനം ഉറപ്പിക്കാന്‍ കഠിനാദ്ധ്വാനം നടത്തുകയാണ് അവരിപ്പോള്‍. ഈസി വാക്കോവര്‍ പ്രതീക്ഷിച്ച ബിജെപിക്ക് കാര്യങ്ങള്‍ കുഴയുന്നുവെന്ന് ബോദ്ധ്യമായെന്ന് അദ്ദേഹം പറഞ്ഞു. സി കേശവന്‍ സ്മാരക ഹാളില്‍ സിപിഐ ദക്ഷിണമേഖലാനേതൃതലസമ്മേളനത്തില്‍ ദേശീയസംസ്ഥാന കൗ ണ്‍സില്‍ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി.ബിജെപിയെ എതിര്‍ക്കാന്‍ ആരുമില്ലെന്ന അവസ്ഥയ്ക്ക് മാറ്റം വന്നു. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തികനയങ്ങളും ബിജെപി-ആര്‍എസ്എസ് വര്‍ഗീയ നടപടികളുമാണ് ഇത്രവേഗം അവര്‍ ജനങ്ങളുടെ ശത്രുവാകാന്‍ കാരണം. വിശാലമായ ജനകീയ ഐക്യം വേണമെന്ന് സിപിഐ ദേശീയകൗണ്‍സില്‍ മാര്‍ച്ചില്‍ പ്രമേയം പാസാക്കിയത് ഈ സാഹചര്യം മുന്നില്‍കണ്ടുകൊണ്ടാണ്. ജനകീയസമരങ്ങളെ ഛിന്നഭിന്നമാക്കാന്‍ ജാതിയും മതവും ഉപയോഗിക്കുന്ന ആര്‍എസ്എസിനും മറ്റ് വര്‍ഗീയശക്തികള്‍ക്കുമെതിരേ ബദല്‍ വളത്തിക്കൊണ്ടു വരണം. മതനിരപേക്ഷത സംരക്ഷിക്കാന്‍ വലിയ പരിശ്രമമാണ് വേണ്ടത്. അതിന്റെ മുന്‍പന്തിയില്‍ പാര്‍ട്ടി ഉണ്ടാകണമെന്ന് പ്രമേയത്തില്‍ പറഞ്ഞിട്ടുണ്ട്. ശാസ്ത്രചിന്തയും യുക്തിചിന്തയും വളര്‍ത്താനും ബിജെപിയുടെ അസഹിഷ്ണുതയ്‌ക്കെതിരെ പോരാടാനും രംഗത്തിറങ്ങേണ്ട സമയമാണിതെന്നും കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. സി ദിവാകരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി എന്‍ അനിരുദ്ധന്‍, ദേശീയസെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയില്‍, അസി. സെക്രട്ടറിമാരായ കെ പ്രകാശ്ബാബു, സത്യന്‍മൊകേരി എന്നിവരും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളും ജില്ലാസെക്രട്ടറിമാരും സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it