ഗുജറാത്ത്: ചില തല്‍സമയ ദൃശ്യങ്ങള്‍

കുന്നത്തൂര്‍ രാധാകൃഷ്ണന്‍

കുട്ടിമാളു തിരക്കിലായിരുന്നു. ചുരിദാറിന്റെ ഷാള്‍ ഒന്നുകൂടി നേരെയാക്കി. കണ്ണാടിയില്‍ നോക്കി തൃപ്തിവരുത്തി നേരെ സ്റ്റുഡിയോയിലേക്കു പാഞ്ഞു. ഗുജറാത്തില്‍ ഇന്ന് ആദ്യഘട്ട തിരഞ്ഞെടുപ്പാണ്. ബ്രേക്കിങ് ന്യൂസ് സംഭ്രമജനകമല്ലെങ്കില്‍ യൂറോപ്പ് നെറ്റിന് പിടിച്ചുനില്‍ക്കാനാവില്ല. ദിനംപ്രതി ചാനലുകള്‍ പ്രവഹിക്കുന്ന നാട്ടില്‍ മേമ്പൊടിക്ക് ചില മസാലകള്‍ ഇല്ലെങ്കില്‍ സംഗതി കിണാപ്പിലാവും. ഭാഗ്യവശാല്‍ വാക്കും തന്ത്രവും കുതന്ത്രവും സര്‍വോപരി കടത്തനാടന്‍ കളരി അഭ്യാസവും കൈവശമുള്ള കുഞ്ഞിച്ചന്തു സൂറത്തിലുണ്ട്. ചങ്ങായ് എഴുന്നേറ്റുകാണുമോ ആവോ! കുഞ്ഞിച്ചന്തുവില്ലെങ്കില്‍ യൂറോപ്പ് നെറ്റ് എന്നേ പൂട്ടിപ്പോയേനെ. കുട്ടിമാളു: ''നമസ്‌കാരം. പ്രധാന വാര്‍ത്തകളിലേക്ക്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 89 മണ്ഡലങ്ങളിലും വോട്ടര്‍മാര്‍ കുളിച്ചു കുറിതൊട്ട് റെഡിയായി. ഖദര്‍ ധരിച്ച ചില പഹയന്‍മാര്‍ കൈയുയര്‍ത്തി വോട്ടര്‍മാര്‍ക്ക് റ്റാറ്റ നല്‍കുന്നുണ്ട്. കുപ്പായത്തില്‍ താമര ധരിച്ചെത്തിയ മറ്റു ചിലര്‍ അവന്മാരെ തടയുന്നുമുണ്ട്. ഭാഗ്യവശാല്‍ വോട്ടര്‍മാരുടെ ക്യൂ പലയിടത്തും മനോഹരമായ കാഴ്ചയാണ്. ഈ കാഴ്ചയിലേക്ക് ഞങ്ങളുടെ സൂറത്ത് ലേഖകനും മഹാവില്ലാളിയുമായ കുഞ്ഞിച്ചന്തു ചേരുന്നു. കുഞ്ഞിച്ചന്തു എന്താണ് സൂറത്തിലെ തിരഞ്ഞെടുപ്പു വിശേഷം?'' കുഞ്ഞിച്ചന്തു: ''ഇന്നലെ രാത്രി മുതല്‍ പെട്ടിക്കടകളിലും പെട്ടിയില്ലാത്ത ചന്തകളിലും വോട്ടര്‍മാര്‍ നാടന്‍ ചാരായം കുടിച്ചു വറ്റിച്ചു എന്നതാണു യഥാര്‍ഥത്തില്‍ പറയേണ്ടത്.'' ''അവിടെ മദ്യനിരോധനമല്ലേ. പിന്നെ എങ്ങനെ ജനം ചാരായം കുടിക്കും?'' ''വോട്ടര്‍മാരില്‍ പലര്‍ക്കും ഇന്നു രാവിലെ തലപൊങ്ങിയില്ല എന്നത് വസ്ത്രമുടുക്കാത്ത സത്യമാണ്. എന്നാല്‍, ചുറുചുറുക്കുള്ള ഗുജറാത്തിന്റെ അഭിമാനത്തിന് കോട്ടംതട്ടുമെന്നതിനാല്‍ നമുക്കിത് പുറത്തുപറയേണ്ട!'' ''പട്ടേലുമാര്‍ ഒന്നടങ്കം പോളിങ് സ്‌റ്റേഷനുകളില്‍ ഇടിച്ചുകയറുന്നുണ്ടോ?''''സൂറത്തിലെ ഏറ്റവും വലിയ താമരക്കുളം അവന്‍മാര്‍ ഇന്നലെ രാത്രി മണ്ണിട്ടുമൂടി. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ നിന്ന് ആ കുളം മാഞ്ഞുപോയിട്ടുണ്ട്.'' ''മണിശങ്കര്‍ അയ്യരുടെ നീചമനുഷ്യ പ്രയോഗം സംഗതികളെ കീഴ്‌മേല്‍ മറിച്ചുവോ?'' ''വോട്ടര്‍പ്പട്ടികയില്‍ മണി എന്ന് പേരുള്ളവരെ സംശയദൃഷ്ടിയോടെയാണ് പലരും വീക്ഷിക്കുന്നത്.'' ഠര്‍പിര്‍... ടക്... ഭഭഭ... ഠോ... കുട്ടിമാളു: ഗുജറാത്ത് ബന്ധം പാടെ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ആരോ ബോംബെറിഞ്ഞെന്നാണു തോന്നുന്നത്. ഒന്നും സംഭവിക്കാതിരുന്നാല്‍ മതിയായിരുന്നു പടച്ചോനെ. ഇനി ഷോട്ട് ബ്രേക്ക്. ടെലിവിഷന്‍ സ്‌ക്രീനില്‍ പരസ്യങ്ങള്‍ തലകുത്തി മറയവെ കുട്ടിമാളു ചിന്തിച്ചു. ഈ മണിശങ്കരന്‍ ആളൊരു താപ്പാന തന്നെ. രാഹുല്‍ഗാന്ധിയോട് ഈ ആധുനിക ശങ്കരന് ഇത്രമാത്രം കോപമുണ്ടാവാന്‍ കാരണമെന്ത്? ചങ്ങാതി പൂച്ചയെ പുറത്താക്കിയതു നന്നായി. ഇല്ലെങ്കില്‍ ക്രമസമാധാനം തകര്‍ന്ന് കുഞ്ഞിച്ചന്തുവിന് വല്ല ആപത്തും സംഭവിക്കുമായിരുന്നു. ലോകനാര്‍ക്കാവിലമ്മയുടെ അനുഗ്രഹംകൊണ്ട് എല്ലാം ഭംഗിയായി. പരസ്യം അവസാനിച്ചതോടെ കുഞ്ഞിച്ചന്തു വാള്‍ വീശി പ്രത്യക്ഷപ്പെട്ടു. ''കുട്ടിമാളു, ഞി ഇത് കേക്ക്. പട്ടേലുമാര്‍ മുന്‍പിന്‍ നോക്കാതെ പോളിങ് ബൂത്തിലേക്ക് പ്രവഹിക്കുകയാണ്. മദയാനയുടെ മട്ടിലാണ് ഇടിച്ചുകയറ്റം. ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് ഠാക്കൂര്‍, ജിഗ്‌നേഷ് മേവാനി തുടങ്ങിയ മഹാരഥന്മാര്‍ സൂറത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തിരിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇവന്മാരെ പൊളിക്കാന്‍ താമരപ്രേമികള്‍ പല കൂടോത്രങ്ങള്‍ക്കും തുടക്കംകുറിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇന്നലെ രാത്രിയില്‍ കള്ളുകുടിയേക്കാള്‍ മികച്ചുനിന്നത് കൂടോത്രമഹായജ്ഞമാണ്.'' ''സംഘര്‍ഷാവസ്ഥ വല്ലതുമുണ്ടോ?''''മണി എന്നും ശങ്കരന്‍ എന്നും പേരുകളുള്ളവര്‍ വോട്ടുചെയ്യാനെത്തുന്നില്ല എന്ന രഹസ്യാന്വേഷണ റിപോര്‍ട്ട് ചോര്‍ന്നു എന്നത് ബ്രേക്കിങ് ന്യൂസ് തന്നെയാണ്.'' ''കാവിയും തൃശൂലവും ധരിച്ചവര്‍ എന്തുചെയ്യുന്നു.'' ''അവരെയൊന്നും ഇതുവരെ ദൃഷ്ടിഗോചരമായിട്ടില്ല. ഹാര്‍ദിക് പട്ടേല്‍ സിന്ദാബാദ് എന്നു വിളിക്കുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രത്തിന്റെ രഹസ്യാന്വേഷണ ചാരസേന സജീവമായി രംഗത്തുണ്ട് എന്നു പറഞ്ഞാല്‍ ഇനി വിസ്തരിക്കണോ?''''വേണ്ട. ജിഎസ്ടിയെ സ്‌നേഹിക്കുന്ന സൂറത്തിലെ കച്ചവടക്കാര്‍ വോട്ട് ചെയ്യുന്നുണ്ടോ?'' ''അവര്‍ ഇലക്ഷന്‍ ആഘോഷിക്കുകയാണ്. നാടനും ഇഷ്ടംപോലെയുണ്ട്. ഞാനും കച്ചമുറുക്കി അങ്ങോട്ട് പോവുകയാണ്. ബ്രേക്കിങ് ന്യൂസ് തരപ്പെടുന്നുവെങ്കില്‍ അപ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെടാം. സൂറത്തില്‍ നിന്ന് അന്തപ്പായിക്കൊപ്പം കുഞ്ഞിച്ചന്തു.'' കുട്ടിമാളു ഗുജറാത്തിനെ വെടിഞ്ഞ് മൂന്നാറിലെ കൈയേറ്റഭൂമിയിലേക്കു കടന്നു.                          ി
Next Story

RELATED STORIES

Share it