ഗുജറാത്ത് കലാപം ഏഴുപേര്‍ കുറ്റക്കാര്‍ 

അഹ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഏഴു പേര്‍ കുറ്റക്കാരാണെന്ന് ഗുജറാത്ത് ഹൈക്കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ ജൂലൈ 25ന് വിധിക്കും. അന്ന് കോടതിയില്‍ ഹാജരാവാന്‍ ജസ്റ്റിസുമാരായ ഹര്‍ഷ് ദെവാനി, ബിരന്‍ വൈഷ്ണവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പ്രതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുജറാത്തിലെ വൈരംഗം ടൗണില്‍ നടന്ന കലാപത്തിനിടെ മൂന്നു മുസ്‌ലിംകള്‍ കൊല്ലപ്പെട്ട കേസിലാണ് കോടതി വിധി. 2002 ഫെബ്രുവരി 28നാണ് സംഭവം നടന്നത്. കേസില്‍ 10 പ്രതികളുണ്ടായിരുന്നു. ഇതില്‍ വിചാരണക്കോടതി ആറുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. നാലു പ്രതികളെ വെറുതെ വിട്ടു. കൊലക്കുറ്റത്തിന് രണ്ടുപേരെ ശിക്ഷിച്ച വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതി ശരിവച്ചു. ഇതോടെ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം ഒമ്പതായി. ഒരാളെ കോടതി വെറുതെ വിട്ടു.
സതഭായി എന്ന ഹൈദര്‍ ഗെല ഭര്‍വാദ്, നരന്‍ഭായി സാമന്ത്ഭായ് ഭര്‍വാദ്, ഉദാജി രണ്‍ചൂദ്ഭായി താക്കര്‍, വല്ലഭായ് ഗെലാഭായ് ഭര്‍വാദ്, വിത്തല്‍ എന്ന കുചിയോ മോട്ടി ഭര്‍വാദ്, മുലാഭായി ഗെലാഭായ് ഭര്‍വാദ്, മേരാഭായ് ഭര്‍വാദ് എന്നിവരാണ് ഹൈക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളനുസരിച്ചാണ് ഇവര്‍ക്കെതിരേ കുറ്റം ചുമത്തിയിരുന്നത്. ആയുധങ്ങളുമായി വൈരംഗമിലെത്തിയ 40ഓളം പേര്‍ ദര്‍ഗ തകര്‍ക്കാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച മുസ്‌ലിംകളെ അവര്‍ ആക്രമിച്ചു. ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു.
കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സംഭവത്തിനു ദൃക്‌സാക്ഷിയായ ദോസ്ത് മുഹമ്മദ് ഭട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കേസില്‍ പുനരന്വേഷണം നടത്താന്‍ അന്നത്തെ അഹ്മദാബാദ് പോലിസ് സൂപ്രണ്ട് സന്ദീപ് സിങിന് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it