Most commented

ഗുജറാത്ത് കലാപം: ഇരകള്‍ക്ക് ഇനിയും നീതി കിട്ടിയില്ല-ഹര്‍ഷ് മന്ദര്‍

ചെന്നൈ: 2002ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയുടെ ഇരകള്‍ ഇപ്പോഴും ദുരിതമനുഭവിക്കുകയാണെന്നും അവര്‍ക്ക് ഇനിയും നീതി ലഭിച്ചില്ലെന്നും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദര്‍ അഭിപ്രായപ്പെട്ടു. ചെന്നൈയില്‍ സേവ് ഇന്ത്യ ഫോറം സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപത്തിന്റെ ഇരകള്‍ക്ക് ജീവിതത്തിലേക്കു തിരികെവരുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സഹായം ആവശ്യമാണ്. പക്ഷേ അതു ലഭിക്കുന്നില്ലെന്നു മാത്രമല്ല സാമ്പത്തിക ഉപരോധം ഇപ്പോഴും തുടരുകയുമാണ്.
ഗുജറാത്ത് കലാപം ആകസ്മികമായി സംഭവിച്ച ഒന്നല്ല. ആരാണ് ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ചതെന്ന് ഇപ്പോഴും തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യം അവര്‍ ഗോധ്ര സംഭവം ഉപയോഗിച്ച് മുസ്‌ലിംവിരുദ്ധ വികാരം സൃഷ്ടിച്ചു. അതിനു ശേഷം വളരെ ആസൂത്രിതമായി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വംശഹത്യ നടത്തുകയാണ് ഉണ്ടായത്. കലാപവിരുദ്ധ ബില്ല് ഉടന്‍ പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്‌ലിംകളെയും മറ്റു പാര്‍ശ്വവല്‍കൃത സമൂഹങ്ങളെയും പോലെ ദലിതരും കലാപത്തിന്റെ ഇരകളാണെന്ന് ദലിത് നേതാവ് തോല്‍ തിരുമാവളവന്‍ അഭിപ്രായപ്പെട്ടു. വര്‍ഗീയശക്തികളുടെ ഇത്തരം അക്രമങ്ങള്‍ തുടരുകയാണെങ്കില്‍ ദലിതരും മുസ്‌ലിംകളുടെ കൂടെ നിന്നു പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാബര്‍ ചക്രവര്‍ത്തിയുടെ കാലം മുതല്‍ രാജ്യത്ത് ഹിന്ദുക്കളും മുസ്‌ലിംകളും ഐക്യത്തോടെയാണു ജീവിച്ചിരുന്നതെന്ന് തുളസീദാസ് രാമചരിത മാനസില്‍ എഴുതിയിട്ടുണ്ടെന്ന് മനിതനിയ മക്കള്‍ കച്ചിയുടെ ജവാഹിറുല്ല എംഎല്‍എ പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരേ ബഹുമുഖ പോരാട്ടമാണു നടക്കേണ്ടതെന്നും എഴുത്തുകാരും ചലച്ചിത്ര പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ബുദ്ധിജീവികളും ഈ നിരയിലേക്ക് കൂടുതലായി വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സേവ് ഇന്ത്യ ഫോറം പ്രസിഡന്റ് ഗോപാല്‍ മേനോന്‍ അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ കനകരാജ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തമിഴ്‌നാട് ഘടകം പ്രസിഡന്റ് ഇസ്മാഈല്‍ എര്‍വാ സി, ശ്രീലങ്കന്‍ ചലച്ചിത്രകാരന്‍ ആര്‍പി അമുദന്‍, ദിവ്യ ഭാരതി എന്നിവരും സംഗമത്തില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it