ഗുജറാത്ത്: ആദ്യഘട്ട തിരഞ്ഞെടുപ്പ് സൂറത്തില്‍

കെ എ സലിം

സൂറത്ത്: ഗുജറാത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ആവേശമത്രയും വ്യാവസായിക തലസ്ഥാനമായ സൂറത്തിലാണ്. ബിജെപിയെ രാഷ്ട്രീയമായും സാമ്പത്തികമായും പരമ്പരാഗതമായും പിന്തുണച്ചുപോന്ന പാട്ടീദാര്‍  വിഭാഗം ഇത്തവണ കോണ്‍ഗ്രസ്സിനൊപ്പമാണ്. ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ പാട്ടീദാര്‍   വിഭാഗം ബിജെപിക്കെതിരേ തിരിയുകയും കോ ണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുകയും ചെയ്തതോടെ അങ്കലാപ്പിലാണ് ബിജെപി റോഡ് ഷോയും പ്രചാരണപരിപാടികളുമായി ഹാര്‍ദിക് പട്ടേലാകട്ടെ ദൈനംദിനം ജനപിന്തുണയാര്‍ജിക്കുകയും ചെയ്യുന്നു. പ്രകടനപത്രികയില്‍ പട്ടേലുകള്‍ക്കു സംവരണം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് തങ്ങള്‍ക്കുള്ള പിന്തുണ കൂടുതല്‍ ഉറപ്പാക്കി. 2012ലെ തിരഞ്ഞെടുപ്പില്‍ സൂറത്തിലെ 16 സീറ്റുകളില്‍ 15ഉം നേടിയത് ബിജെപിയാണ്. പട്ടേലുകളായിരുന്നു എക്കാലത്തെയും ബിജെപിയുടെ ഉറച്ച വോട്ടുബാങ്ക്. ക്ഷത്രിയരും ദലിതുകളും ആദിവാസികളും മുസ്‌ലിംകളും പരമ്പരാഗതമായി കോണ്‍ഗ്രസ്സിന് വോട്ടുചെയ്യുന്നവരാണ്. അതോടൊപ്പം പാട്ടീദാര്‍ മാര്‍ കൂടി ചേരുമ്പോള്‍ ബിജെപിയുടെ തകര്‍ച്ച പൂര്‍ത്തിയാവും. കരഞ്ച്, വരാച്ച റോഡ്, കാംരാജ് എന്നീ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന വരാച്ച മേഖലയാണ് ഗുജറാത്തിലെ പട്ടേലുകളുടെ ശക്തികേന്ദ്രം. മൂന്നിടത്തും കഴിഞ്ഞ തവണ ബിജെപിയാണു ജയിച്ചത്. എന്നാല്‍ ഇത്തവണയാവട്ടെ ബിജെപിക്ക് ഇവിടെയൊന്നും പ്രചാരണം നടത്താന്‍ പോലും സാധിക്കാത്ത സ്ഥിതിയാണുള്ളത്. പ്രചാരണത്തിനിറങ്ങിയ ബിജെപി സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കും പലയിടത്തുനിന്നും പ്രതിഷേധംമൂലം മടങ്ങേണ്ടിവന്നു. കരഞ്ചില്‍ 70 ശതമാനമായിരുന്നു ബിജെപിയുടെ വോട്ടുവിഹിതം. വരാച്ച റോഡില്‍ 54 ശതമാനം, കാംരാജില്‍ 57 ശതമാനം. പാട്ടീദാര്‍മാര്‍ ശക്തരായ മജൂറ, കറ്റാര്‍ഗം, ഓല്‍പാട് എന്നിവിടങ്ങളിലും പടിതാര്‍ വോട്ടുകളാണ് ബിജെപിയെ വന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചത്. മുസ്‌ലിംകള്‍ക്ക് താരതമ്യേന ശക്തിയുള്ള സൂറത്ത് ഈസ്റ്റിലാണ് കോണ്‍ഗ്രസിന് കഴിഞ്ഞതവണ 42 ശതമാനം വോട്ടെങ്കിലും നേടാനായത്. പട്ടേല്‍ സംവരണത്തിനോടുള്ള ബിജെപിയുടെ നിഷേധാത്മക നിലപാട് മാത്രമല്ല, പട്ടേലുകള്‍ക്ക് ബിജെപിയോടുള്ള രോഷത്തിനു പിന്നില്‍. നോട്ടുനിരോധനവും പിന്നാലെ വന്ന ജിഎസ്ടിയും പട്ടേലുകളുടെ പരമ്പരാഗത വജ്രവ്യാപാരമുള്‍െപ്പടെയുള്ള മേഖലകളില്‍ ശക്തമായ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. ജിഎസ്ടി വന്നതോടെ വജ്രത്തിന്റെ വിപണിവില കുറഞ്ഞു. വരാച്ച റോഡില്‍ നിലവിലെ എംഎല്‍എ കുമാര്‍കാമിനി—ക്കേതിരേ പ്രഫുല്‍ തൊഗാഡിയയെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്നത്. വിശ്വഹിന്ദുപരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ അര്‍ധസഹോദരനാണ് പ്രഫുല്‍ തൊഗാഡിയ. പാ ട്ടീദാര്‍   അനാമത്ത് ആന്തോളന്‍ സമിതിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പ്രഫുല്‍ തൊഗാഡിയയെ മാറ്റിയാണ് ദീരു ഗജീറയെ നിയമിക്കുന്നത്. 2.03 ലക്ഷം ആകെ വോട്ടര്‍മാരുള്ള വറാച്ച റോഡില്‍ 1.74 വോട്ടര്‍മാര്‍ പട്ടേലുകളാണ്. 2012ലെ തിരഞ്ഞെടുപ്പില്‍ സൗരാഷ്ട്രയിലെ 48 സീറ്റുകളില്‍ 33 സീറ്റുകള്‍ ബിജെപി നേടിയത് പട്ടേല്‍ പിന്തുണയോടെയാണ്. ഉത്തര ഗുജറാത്തില്‍ 32 സീറ്റുകളായിരുന്നു ബിജെപിക്ക്. ആകെയുള്ള 182 സീറ്റുകളില്‍ 47 സീറ്റുകളില്‍ പട്ടേലുകള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്നവയാണ്. 13.8 ശതമാനമാണ് ഗുജറാത്തില്‍ പട്ടേല്‍ ജനസംഖ്യ. എന്നിരുന്നാലും ബിജെപിയും കോണ്‍ഗ്രസ്സും പട്ടേലുകള്‍ക്ക് സീറ്റുകള്‍ നല്‍കാന്‍ മല്‍സരിക്കുകയായിരുന്നു. ബിജെപി ഇത്തവണ 52 സീറ്റ് പട്ടേലുകള്‍ക്ക് നല്‍കിയപ്പോള്‍ 47 പേര്‍ക്ക് നല്‍കി കോണ്‍ഗ്രസ്സും തോളോടൊപ്പം നില്‍ക്കാന്‍ ശ്രമിച്ചു. ഹിന്ദുത്വം മാത്രമായിരുന്നില്ല കാലാകാലങ്ങളായി പട്ടേലുകള്‍ക്ക് ബിജെപിയോടുള്ള ആഭിമുഖ്യത്തിനു പിന്നില്‍. അധികാരത്തിന്റെ തണല്‍ പറ്റാന്‍ എക്കാലത്തും പട്ടേലുകള്‍ ശ്രമിച്ചിരുന്നു. അധികാരത്തില്‍ തങ്ങള്‍ക്കുള്ള പങ്കാളിത്തം കുറഞ്ഞുവരുന്നുവെന്ന ആശങ്ക കുറച്ചുകാലമായി പട്ടേലുകള്‍ക്കിടയില്‍ ശക്തമാണ്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് പട്ടേലുകള്‍ കോണ്‍ഗ്രസ്സില്‍ പ്രതീക്ഷ വയ്ക്കുന്നത്. 1998ല്‍ മന്‍ഗാദില്‍ 11 പട്ടേലുകളെ രജപുത്രര്‍ കൂട്ടക്കൊല ചെയ്തതോടെയാണ് ജാതിയെന്ന നിലയിലുള്ള പട്ടേല്‍ വികാരം ഗുജറാത്തില്‍ ശക്തിപ്പെടുന്നത്.  ബിജെപി ഗുജറാത്തില്‍ 1995ല്‍ അവരുടെ ആദ്യ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ മുഖ്യമന്ത്രിയായ കേശുഭായ് പട്ടേലായിരുന്നു പട്ടേല്‍ വിഭാഗത്തിന്റെ ഏറ്റവും കാര്യശേഷിയുള്ള നേതാവ്. എന്നാല്‍ കേശുഭായ് പിന്നീട് സ്വന്തം പാര്‍ട്ടി—ക്കെതിരേ തന്നെ തിരിഞ്ഞു.
Next Story

RELATED STORIES

Share it