ഗുജറാത്ത് ആണവനിലയത്തിലെ അപകടം: അധികൃതര്‍ മറച്ചുവച്ചു

മുംബൈ: ഗുജറാത്തിലെ കക്രാപര്‍ ആണവനിലയത്തില്‍ നടന്ന അപകടത്തിന്റെ യഥാര്‍ഥ വിവരം അധികൃതര്‍ മൂടിവച്ചതായി വിദഗ്ധന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയുടെ ആണവോര്‍ജ നിയന്ത്രണബോര്‍ഡിന്റെ മുന്‍ തലവ ന്‍ ഡോ. എ ഗോപാലകൃഷ്ണനാണ് ഈ മാസം 11ന് നിലയത്തില്‍ നടന്ന അപകടം അധികൃതര്‍ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന വിവരം വെളിപ്പെടുത്തിയത്.
നിലയത്തിലെ യന്ത്രങ്ങള്‍ തണുപ്പിക്കാനുള്ള സംവിധാനം തകര്‍ന്നതാണ് അപകടത്തിനു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. അണുശക്തി നിലയങ്ങളില്‍ സംഭവിക്കുന്ന ഈ അപകടം മൂലം നിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍ ഉരുകിപ്പോവാന്‍ സാധ്യതയുണ്ട്. ഗുജറാത്തിലെ സൂറത്തിനടുത്തു സ്ഥിതിചെയ്യുന്ന നിലയത്തിലെ ഒന്നാം യൂനിറ്റിലാണ് അപകടം നടന്നത്. പലതവണ വന്‍ ഭൂമികിലുക്കം അനുഭവപ്പെട്ട ഗുജറാത്തിലെ വന്‍സ്ദ-ഭാറൂച്ച് ഭൂകമ്പമേഖലയ്ക്കടുത്താണ് ഈ നിലയം.
അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ നിലയത്തില്‍ പ്രാഥമിക താപവാഹന സംവിധാനത്തില്‍ നിന്ന് വന്‍തോതില്‍ വികിരണമുള്ള ഘനജലം ചോര്‍ന്നുകൊണ്ടിരിക്കുകയാണ്. താന്‍ നല്‍കിയ സൂചനയനുസരിച്ച് മാധ്യമങ്ങള്‍ ആണവോര്‍ജ കോര്‍പറേഷനുമായും ആണവോര്‍ജ നിയന്ത്രണ ബോര്‍ഡുമായും ബന്ധപ്പെട്ടപ്പോള്‍ അപകടത്തെക്കുറിച്ച് വളരെ പരിമിത വിവരങ്ങള്‍ മാത്രമാണ് അവര്‍ പുറത്തുവിട്ടത്. എന്നാല്‍, 12ാം തിയ്യതി രാത്രി ഏഴു മണിവരെ ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്താന്‍ അവര്‍ക്കു സാധിച്ചിട്ടില്ല. വന്‍തോതില്‍ റേഡിയേഷനുള്ള മേഖലയായതിനാല്‍ ചോര്‍ച്ചയുടെ തോതു വിലയിരുത്താനും കഴിഞ്ഞിട്ടില്ല. ചോര്‍ച്ച തുടര്‍ന്നാല്‍ ഇന്ധനക്കുഴലുകള്‍ പൊട്ടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ആണവോര്‍ജ നിയന്ത്രണബോ ര്‍ഡിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.
1994ല്‍ കക്രാപര്‍ പ്രളയത്തി ല്‍ മുങ്ങിയപ്പോഴും ഈ നിലയത്തില്‍ വലിയൊരപകടം ഉണ്ടായതായി ഗോപാലകൃഷ്ണന്‍ വെളിപ്പെടുത്തി.
Next Story

RELATED STORIES

Share it