ഗുജറാത്തി വ്യവസായികള്‍ക്കെതിരേ ഇഡി കോടതിയില്‍

ന്യൂഡല്‍ഹി: 8100 കോടി ബാങ്ക് വായ്പയെടുത്ത് രാജ്യം വിട്ട ഗുജറാത്ത് വ്യവസായികള്‍ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡല്‍ഹി പ്രത്യേക കോടതിയെ സമീപിച്ചു. ഗുജറാത്ത് ആസ്ഥാനമായ സ്റ്റെര്‍ലിങ് ബയോടെകിന്റെ ഉടമസ്ഥര്‍ക്കെതിരേയാണ് ഇഡി കോടതിയെ സമീപിച്ചത്. വ്യവസായികളെ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിക്കണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടു.
സ്‌റ്റെര്‍ലിങ് ബയോടെക് ഗ്രൂപ്പിന്റെ ഉടമകളായ നിതീഷ് സന്ദേശാര, ചേതന്‍ സന്ദേശാര, ദീപ്തി സന്ദേശാര, ഹിതേഷ് പട്ടേല്‍ എന്നിവര്‍ക്കെതിരേയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കം. സാമ്പത്തിക കുറ്റവാളികള്‍ രാജ്യം വിടുന്നത് തടയുന്ന നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുന്നത്. വ്യാപാരികുടുംബത്തിന്റെ 5000 കോടിയോളം വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള അനുമതിയും എന്‍ഫോഴ്‌സ്‌മെന്റ് തേടിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് നാലു പേര്‍ക്കുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കളളപ്പണം വെളുപ്പിക്കല്‍, ബാങ്ക് വായ്പ വക മാറ്റി ചെലവഴിക്കല്‍ തുടങ്ങിയവ ചെയ്തതായാണ് കുറ്റപത്രത്തിലുള്ളത്. പ്രതികള്‍ നൈജീരിയയിലും യുഎസിലുമുള്ളതായാണ് വിവരം. നിതീഷ് സന്ദേശാര, ചേതന്‍ സന്ദേശാര, ദീപ്തി സന്ദേശാര എന്നിവരാണ് നൈജീരിയയിലുള്ളത്. ഹിതേഷ് പട്ടേലാണ് യുഎസിലേക്ക് കടന്നത്.

Next Story

RELATED STORIES

Share it