ഗുജറാത്തില്‍ 23 പേരെ ചുട്ടുകൊന്ന ഓഡെ കൂട്ടക്കൊലക്കേസ്14 പേരുടെ ജീവപര്യന്തം ശരിവച്ച് ഹൈക്കോടതി

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ 23 പേരെ ജീവനോടെ ചുട്ടുക്കൊന്ന ഓഡെ കൂട്ടക്കൊലക്കേസില്‍ 14 പേരുടെ ജീവപര്യന്തം ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു. കേസില്‍ മൂന്നുപേരെ  വെറുതെവിട്ടു. വിചാരണക്കോടതി ഉത്തരവ് ചോദ്യംചെയ്തു സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ പരിഗണിച്ച ജസ്റ്റിസുമാരായ അഖില്‍ ഖുറേശി, ബി എന്‍ കരിയ എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ച ദിലീപ് പട്ടേല്‍, ലാല്‍ജി പട്ടേല്‍, നാഥുഭായ് പട്ടേല്‍ എന്നിവരെയാണു കോടതി വെറുതെവിട്ടത്. വിചാരണക്കോടതി ഏഴു വര്‍ഷത്തെ തടവിനു ശിക്ഷിച്ച അഞ്ചു പേരുടെ ശിക്ഷയും ശരിവച്ച ഡിവിഷന്‍ ബെഞ്ച്, വിചാരണാവേളയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ ഇവരെ മോചിപ്പിക്കാനും ഉത്തരവിട്ടു. 2002 മാര്‍ച്ച് ഒന്നിന് അഹ്മദാബാദില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ആനന്ദ് ജില്ലയിലെ ഒഡെ ഗ്രാമത്തില്‍ കെട്ടിടത്തില്‍ അഭയം തേടിയ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 23 മുസ്‌ലിംകളെ സംഘപരിവാര കലാപകാരികള്‍ ചുട്ടുകൊന്നതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കേസില്‍ ആകെ 47 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ 23 പേരെ തെളിവുകളുടെ അഭാവത്തില്‍ വിചാരണ കോടതി വെറുതെവിട്ടിരുന്നു. വിചാരണ സമയത്ത് ഹരീഷ് പട്ടേല്‍ എന്ന പ്രതി മരിച്ചതിനാല്‍ ഇയാള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചു. ജാമ്യത്തിലിറങ്ങിയ രണ്ടു പേര്‍ വിദേശത്തേക്കു കടന്നു. ഇവര്‍ക്കെതിരേ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബാക്കിവരുന്ന 23ല്‍ 18 പേര്‍ക്കു വിചാരണക്കോടതി ജീവപര്യന്തവും അഞ്ചുപേര്‍ക്കു ഏഴുവര്‍ഷത്തെ തടവും വിധിച്ചു. പ്രതികള്‍ എല്ലാവരും പട്ടേല്‍ സമുദായാംഗങ്ങളാണ്്.
തങ്ങള്‍ക്കെതിരായ തടവുശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതികളും ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ഇരകളുടെ ബന്ധുക്കളും സമര്‍പ്പിച്ച ഹരജികളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ഹരജിയില്‍ കഴിഞ്ഞമാസം 23നു വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിവച്ചിരിക്കുകയായിരുന്നു. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടും 23 പേരെ വെറുതെവിട്ട നടപടി ചോദ്യംചെയ്തും സമര്‍പ്പിച്ച ഹരജികളും ഡിവിഷന്‍ ബെഞ്ച് തള്ളി. പ്രതികള്‍ക്കെതിരായ കൊലപാതകക്കുറ്റം തെളിഞ്ഞതിനാല്‍ എല്ലാവര്‍ക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു സിബിഐ മുന്‍ മേധാവി ആര്‍ കെ രാഘവന്‍ നേതൃത്വം നല്‍കിയിരുന്ന പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച ഒമ്പതു കേസുകളില്‍ ഒന്നും പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ കേസുമാണിത്.
Next Story

RELATED STORIES

Share it