Flash News

ഗുജറാത്തില്‍ വോട്ടിങ് യന്ത്രങ്ങളുമായി പോയ ട്രക്ക് മറിഞ്ഞു

അഹ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പു കഴിഞ്ഞ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി പോയ ട്രക്ക് അപകടത്തില്‍പെട്ടു. 100 മെഷീനുകളും വിവിപാറ്റ് റെസീപ്റ്റും ട്രക്കിലുണ്ടായിരുന്നു. റീകൗണ്ടിങ് ആവശ്യപ്പെട്ടു പരാതി നല്‍കിയതിനു പിന്നാലെ ട്രക്ക് അപടകത്തില്‍പെട്ടതില്‍ അസ്വഭാവികതയുണ്ടെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും പട്ടേല്‍ പ്രക്ഷോഭക സമിതി തലവന്‍ ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാതിരുന്ന വോട്ടിങ് യന്ത്രങ്ങളാണ് അപകടത്തില്‍ പെട്ടതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ഭാഷ്യം. ബറൂച്ച് ജില്ലയില്‍ ഡിസംബര്‍ ഒമ്പതിന് നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍കരുതലായി കൊണ്ടുവന്ന മെഷീനുകളാണ് അവയെന്ന്് ബറൂച്ച് ജില്ലാ കലക്ടര്‍ സന്ദീപ് സഗലെ പറഞ്ഞു. ബറൂച്ചിനു സമീപമാണ് കഴിഞ്ഞദിവസം ട്രക്ക് മറിഞ്ഞുവീണത്. ജംബുസറില്‍ നിന്ന് ബറൂച്ച് ടൗണിലെ സൂക്ഷിപ്പു കേന്ദ്രത്തിലേക്കു കൊണ്ടുപോവുകയായിരുന്നു യന്ത്രങ്ങള്‍. വോട്ടിങ് യന്ത്രങ്ങള്‍ക്കൊപ്പം 103 വോട്ടുരസീത് (വിവിപാറ്റ്) യന്ത്രങ്ങളും 92 ബാലറ്റ് യൂനിറ്റുകളും 93 കണ്‍ട്രോള്‍ യൂനിറ്റുകളുമുണ്ടായിരുന്നു. ട്രക്ക് മറിഞ്ഞ് റോഡിലാകെ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു യന്ത്രങ്ങളെല്ലാം. വാഹനത്തിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍, പരുക്ക് ഗുരുതരമല്ല.തിരഞ്ഞെടുപ്പില്‍ ബിജെപി ഇടപെട്ട് വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് കാണിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെ വിവിധ പാര്‍ട്ടികള്‍ ഇതിനോടകം നാല്‍പതിലേറെ പരാതി നല്‍കിക്കഴിഞ്ഞു. അതിനിടെയാണ് പുതിയ വിവാദം.സംഭവം നടന്നയുടനെ പോലിസ് സ്ഥലത്തെത്തി യന്ത്രങ്ങളെല്ലാം സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. വാര്‍ത്ത പടര്‍ന്നതോടെയാണ് ട്വീറ്റിലൂടെ ആരോപണമുന്നയിച്ച് ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തിയത്. വോട്ടെണ്ണലിന്റെ തലേന്നും യന്ത്രങ്ങളിലെ ക്രമക്കേട് ആരോപിച്ച് അദ്ദേഹം പ്രസ്താവന പുറത്തുവിട്ടിരുന്നു. അഹ്മദാബാദ് ആസ്ഥാനമായുള്ള കമ്പനിയില്‍ നിന്ന് 140 സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരെ ഇതിനു വേണ്ടി നിയോഗിച്ചെന്നായിരുന്നു ആരോപണം.
Next Story

RELATED STORIES

Share it