ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു

രാജ്‌കോട്ട്: ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രസിഡന്റായിരുന്ന കന്‍വാര്‍ജി ബവാലിയ രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി പുനസ്സംഘടനയ്ക്കു ശേഷം നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു കന്‍വാര്‍ജി. രാജിക്കു ശേഷം ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി പ്രസിഡന്റുമായും രണ്ടു കാബിനറ്റ് മന്ത്രിമാരുമായും ഇദ്ദേഹം കൂടിക്കാഴ്ച നടത്തി. ജസ്ദാന്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധിയും പ്രബല കോലി സമുദായ നേതാവുമാണ് കന്‍വാര്‍ജി.
രാഹുല്‍ഗാന്ധി അടുത്തിടെ സംസ്ഥാനഘടകം അഴിച്ചുപണിതു കൂടുതല്‍ യുവാക്കളെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിച്ചിരുന്നു. ഇതിനെതിരേ മുതിര്‍ന്ന നേതാക്കള്‍ പലരും രംഗത്തെത്തുകയും ചെയ്തു. സംസ്ഥാന അധ്യക്ഷനായി അമിത് ഛാവഡ, പ്രതിപക്ഷ നേതാവായി പരേശ് ധനാണി എന്നീ യുവ നേതാക്കളെ അടുത്തിടെയാണു പാര്‍ട്ടി നിയമിച്ചത്. എട്ടു ജില്ലകളില്‍ അധ്യക്ഷന്മാരായി യുവനേതാക്കളെയും തിരഞ്ഞെടുത്തിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രി വിജയ് രൂപാണിക്കെതിരേ രാജ്‌കോട്ടില്‍ മല്‍സരിച്ചു പരാജയപ്പെട്ട മുന്‍ എംഎല്‍എ ഇന്ദ്രനീല്‍ രാജ്യഗുരുവും നേതൃ മാറ്റത്തിനു ശേഷം പാര്‍ട്ടി വിട്ടിരുന്നു. രാജ്‌കോട്ടിലെ ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇയാള്‍ക്കൊപ്പം കോണ്‍ഗ്രസ്സില്‍ നിന്നു പടിയിറങ്ങി.
പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തു നിന്നുള്ള സീറ്റുകള്‍ ഉറപ്പിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ശക്തമാണ്.  കന്‍വാര്‍ജിക്ക് കാബിനറ്റ് മന്ത്രിപദവി ഉടന്‍ തന്നെ ലഭിക്കുമെന്ന് ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേല്‍ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ ജാവീദ് പിര്‍സാദയും വിക്രം മദാമും നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. മെയില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ആറ് എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയിലെത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ശങ്കര്‍സിങ് വഗേല,  ഭല്‍വന്ത് സിന്‍ഹ് രജ്പുത്ത്, മനീഷ് ചൗധരി, ചനാഭായ് ചൗധരി ഉള്‍പ്പെടെയുള്ള അംഗങ്ങളാണ് അന്നു രാജി വച്ചത്.
Next Story

RELATED STORIES

Share it