ഗീത മകളാണെന്ന് യുപി ദമ്പതികള്‍

പ്രതാപ്ഗഡ്: 15 വര്‍ഷം പാകിസ്താനില്‍ കുടുങ്ങിയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ 23കാരി ഗീത തങ്ങളുടെ മകളാണെന്ന് ഉത്തര്‍പ്രദേശിലെ ദമ്പതികള്‍. ഗീത മകളാണെന്നതിന് തങ്ങളുടെ കൈവശം തെളിവുകളുണ്ടെന്നാണ് രാംപൂര്‍ ഗ്രാമക്കാരായ അനാരദേവിയും ഭര്‍ത്താവ് രാംരാജും പറയുന്നത്.
ഗീത മകളാണെന്ന് അവകാശപ്പെട്ട് എത്തിയ ബിഹാറുകാരായ മഹാതൊ ദമ്പതികളെ തിരിച്ചറിയാന്‍ ഗീതയ്ക്കു കഴിഞ്ഞിരുന്നില്ല. എന്നാല്‍, കറാച്ചിയില്‍ വച്ച് ഇവരെ ചിത്രങ്ങള്‍ വഴി ഗീത തിരിച്ചറിഞ്ഞിരുന്നു.
ഗീത തന്റെ മകളാണെന്നതിന് ചിത്രങ്ങളും മറ്റ് തെളിവുകളും കൈവശമുണ്ടെന്ന് അനാരി ദേവി പറഞ്ഞു. ഡിഎന്‍എ പരിശോധന നടത്താന്‍ അനാരി ദേവിയുടെ കുടുംബം സമ്മതിച്ചിട്ടുണ്ട്. ബിഹാറിലെ നാനാക് ഷാഹി മഠത്തില്‍ നിന്ന് 12 കൊല്ലം മുമ്പു കാണാതായ തങ്ങളുടെ മകള്‍ സവിതയാണു ഗീതയെന്നാണ് അനാരി ദേവിയുടെ കുടുംബം പറയുന്നത്. ഇക്കാര്യം അലഹാബാദിലെ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഊമയും ബധിരയുമായ ഗീത തിങ്കളാഴ്ചയാണ് പാകിസ്താനില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്.
ഡിഎന്‍എ പരിശോധന നടത്തിയ ശേഷമേ യഥാര്‍ഥ അവകാശികള്‍ക്ക് ഗീതയെ കൈമാറൂ എന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ, ഗീത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. അവര്‍ക്ക് എല്ലാ സഹായവും കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 20 മിനിറ്റു നേരത്തെ കൂടിക്കാഴ്ചയില്‍ ഗീതയെ പാകിസ്താനില്‍ സംരക്ഷിച്ച ഈഥി ഫൗണ്ടേഷനിലെ അഞ്ച് അംഗങ്ങളും സംബന്ധിച്ചിരുന്നു.
Next Story

RELATED STORIES

Share it