ഗീതാനന്ദനെ അറസ്റ്റ് ചെയ്തത് തരംതാണ നടപടി: ആന്റണി

തിരുവനന്തപുരം: ദലിത് ഐക്യവേദി നേതാവ് ഗീതാനന്ദനെ അറസ്റ്റ് ചെയ്തത് തരംതാണ നടപടിയായിപ്പോയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി. ദലിത് പീഡനങ്ങള്‍ക്കെതിരേ ഇന്ദിരാഭവനില്‍ നടന്ന ദലിത് ഐക്യദാര്‍ഢ്യ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പലരും ഹര്‍ത്താല്‍ നടത്തുമ്പോള്‍ ദലിതര്‍ക്ക് അതു പാടില്ലെന്ന് പറയുന്നത് തന്നെ ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ ദലിത് പീഡനമാണ്. മുന്‍കാലങ്ങളില്‍ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്ത ചരിത്രമില്ല. കേരളം പല കാര്യത്തിലും മോദിയെ അനുകരിക്കുകയാണ്. അഭ്യസ്തവിദ്യരായ ദലിതര്‍ക്ക് തൊഴിലവസരങ്ങള്‍ ഇല്ല. സ്വകാര്യമേഖലയില്‍ ദലിതര്‍ക്ക് തൊഴിലവസരം ഉണ്ടാക്കുന്നതിനെപ്പറ്റി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ നാടായ കേരളത്തിലും ജാതി മത വിദ്വേഷങ്ങള്‍ വര്‍ധിക്കുന്നു. രാജ്യത്ത് ദലിതര്‍ക്കു നേരെ കൈയേറ്റങ്ങളും മര്‍ദനങ്ങളും വര്‍ധിക്കുന്നു. ശക്തമായ നിയമസംവിധാനം നിലനില്‍ക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഹീനമായ ജാതിചിന്ത രാജ്യത്ത് നിലനില്‍ക്കുന്നതാണ് ഇതിനു കാരണം.
കോണ്‍ഗ്രസ്സിന്റെ ഭരണകാലത്ത് ഇത്തരം അക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടി എടുത്തിരുന്നു. കേന്ദ്ര സര്‍ക്കാരിന് ആത്മാര്‍ഥത ഉണ്ടായിരുന്നുവെങ്കില്‍ സുപ്രിംകോടതി വിധി പ്രസ്താവിച്ച അന്നുതന്നെ പ്രഗല്ഭരായ അഭിഭാഷകരെ ഉപയോഗിച്ച് വിധി റദ്ദാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ദലിതര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളെ അപലപിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവുന്നില്ലെന്ന് അധ്യക്ഷപ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തമ്പാനൂര്‍ രവി, വി എം സുധീരന്‍, കെ മുരളീധരന്‍ എംഎല്‍എ, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍, പങ്കെടുത്തു.
Next Story

RELATED STORIES

Share it