ഗീതയെ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഹരജി

കറാച്ചി: പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്കെത്തിച്ച ഗീതയെ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഹരജി. ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ഇന്ത്യക്കു കഴിഞ്ഞില്ലെന്നു കാണിച്ച് പ്രമുഖ പാക് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അന്‍സാര്‍ ബേണിയാണ് കോടതിയെ സമീപിച്ചത്. യുഎന്‍ വിദഗ്‌ധോപദേശകന്‍ കൂടിയാണ് ബേണി. ഇന്ത്യയിലെത്തി മാസങ്ങള്‍ പിന്നിട്ടിട്ടും ബന്ധുക്കളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഗീതയെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, ഗീതയെ തിരികെ നല്‍കില്ലെന്നാണ് ഇപ്പോഴത്തെ ഇന്ത്യന്‍ നിലപാട്. ബിഹാറില്‍ ഗീതയുടെ ബന്ധുക്കള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബിഹാര്‍ സ്വദേശിനിയായ ഗീത 11ാം വയസ്സിലാണ് വഴിതെറ്റി പാകിസ്താനിലെത്തിയത്. സംഝോത എക്‌സ്പ്രസില്‍ ലാഹോറില്‍ തനിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയ ഗീതയെ പിന്നീട് സംരക്ഷിച്ചത് കറാച്ചിയിലെ സന്നദ്ധ സംഘടനയായ എദ്ഹി ഫൗണ്ടേഷനാണ്. മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിനിടെ ഒരു ഫോട്ടോയില്‍നിന്ന് ഗീത മാതാപിതാക്കളെ തിരിച്ചറിഞ്ഞതോടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ഇന്ത്യയിലേക്കെത്തിക്കുകയായിരുന്നു. എന്നാല്‍, അത് മാതാപിതാക്കളല്ലെന്ന് സ്ഥിരീകരിച്ചതോടെ അഗതിമന്ദിരത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it