ഗിലാനിയുടെ തട്ടിക്കൊണ്ടുപോയ മകനെ അഫ്ഗാനില്‍ കണ്ടെത്തി

ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗിലാനിയുടെ മൂന്നു വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ മകനെ അഫ്ഗാനിസ്താനില്‍ കണ്ടെത്തി. യുഎസ്-അഫ്ഗാന്‍ സൈന്യം നടത്തിയ സംയുക്ത ദൗത്യത്തില്‍ ഗസ്‌നി പ്രവിശ്യയില്‍ നിന്നാണ് അലി ഹൈദര്‍ ഗിലാനിയെ കണ്ടെത്തിയതെന്ന് പാകിസ്താനി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ഓഫിസിനു പുറത്തുവച്ച് 2013ലാണ് ഹൈദറിനെ തോക്കുധാരി തട്ടിക്കൊണ്ടുപോയത്. പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിന് രണ്ടുദിവസം മുമ്പായിരുന്നു സംഭവം. അതേസമയം, അഫ്ഗാനിലെ ബഗ്രാം വിമാനത്താവളത്തിലെത്തിച്ച അദ്ദേഹത്തെ ആരോഗ്യനില പരിശോധിച്ചശേഷം ഇന്നലെ തന്നെ പാകിസ്താനിലേക്ക് മാറ്റിയെന്നാണ് വിവരം. ഇന്നലെ രാവിലെയാണ് അദ്ദേഹത്തെ മോചിപ്പിച്ചതെന്ന് പാകിസ്താനിലെ അഫ്ഗാന്‍ അംബാസഡര്‍ ഒമര്‍ സഖില്‍വാല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ദൗത്യത്തില്‍ യുഎസിന്റെ പങ്ക് അദ്ദേഹം പ്രതിപാദിച്ചില്ല.
എന്നാല്‍, തങ്ങളുടെ അറിവോടെയാണ് ദൗത്യം നടന്നതെന്ന് നാറ്റോ അറിയിച്ചു. വാര്‍ത്ത ആദ്യം കേട്ടപ്പോള്‍ തങ്ങള്‍ക്കത് വിശ്വസിക്കാനായില്ലെന്ന് ഹൈദറിന്റെ സഹോദരന്‍ അലി മൂസ ഗിലാനി അറിയിച്ചു. 2008-12 കാലഘട്ടത്തിലാണ് ഗിലാനി പ്രധാനമന്ത്രിയായിരുന്നത്‌
Next Story

RELATED STORIES

Share it