ഗിരീഷ് കര്‍ണാടിന് വധഭീഷണി

ബംഗളൂരു: എഴുത്തുകാരനും നാടകകൃത്തുമായ ഗിരീഷ് കര്‍ണാടിന് വധഭീഷണി. കര്‍ണാടകക്കാരെ പ്രകോപിപ്പിച്ചാല്‍ കല്‍ബുര്‍ഗിയുടെ അതേ വിധി നേരിടേണ്ടിവരുമെന്നാണു ഇന്‍ടോറന്‍സ് ചന്ദ്ര എന്ന ട്വിറ്റര്‍ വിലാസത്തില്‍നിന്നുള്ള ഭീഷണി. ബംഗളൂരു വിമാനത്താവളത്തിന് കേമ്പഗൗഡക്ക് പകരം ടിപ്പുസുല്‍ത്താന്റെ പേരിടണമെന്ന കര്‍ണാടിന്റെ പ്രസ്താവനയെത്തുടര്‍ന്നാണ് ഭീഷണി. പ്രസ്താവന വിവാദമായപ്പോള്‍ അദ്ദേഹം ഖേദപ്രകടനം നടത്തിയിരുന്നു. കര്‍ണാടിന്റെ വസതിക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ മൈസൂരു എംപി പ്രതാപ് സിംഹയും ഫേസ്ബുക്കിലൂടെ തനിക്ക് വധഭീഷണിയുണ്ടെന്ന പരാതിയുമായി മൈസൂരു പോലിസിനെ സമീപിച്ചു. മടിക്കേരിയിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ചുള്ള സിംഹയുടെ പരാമര്‍ശത്തെ തുടര്‍ന്നാണു വധഭീഷണി. കുട്ടപ്പ മതില്‍ ചാടിക്കടക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റു മരിച്ചതാണെന്ന പോലിസിന്റെയും സര്‍ക്കാരിന്റെയും നിലപാടിനെ സിംഹ ചോദ്യംചെയ്തിരുന്നു. മുസ്‌ലിംവിരുദ്ധ നിലപാടുമായി മുന്നോട്ടുപോയാല്‍ കുട്ടപ്പയുടെ ഗതി വരുമെന്നാണ് ഭീഷണി. വധഭീഷണികളെപ്പറ്റി അന്വേഷിക്കാന്‍ സൈബര്‍ ക്രൈം വിഭാഗത്തിന് നിര്‍ദേശം നല്‍കിയതായി പോലിസ് പറഞ്ഞു. അതേസമയം മടിക്കേരി സംഭവത്തില്‍ പ്രതിഷേധിച്ച് ഒരുമണിക്കൂര്‍ റോഡ് തടയല്‍ സമരത്തിന് വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്തു. രാവിലെ 11 മുതലാണു സമരം.
Next Story

RELATED STORIES

Share it