Gulf

ഗാര്‍ഹിക വിസ അപേക്ഷകള്‍പലതും നിരസിക്കപ്പെടുന്നു

ജിദ്ദ: ഓണ്‍ലൈന്‍ മുഖേനെ സമര്‍പ്പിക്കുന്ന ഗാര്‍ഹിക തൊഴില്‍ വിസകളുടെ അപേക്ഷകള്‍ പലതും തള്ളേണ്ടിവരുന്നതായി സൗദി തൊഴില്‍ മന്ത്രാലയം. അപേക്ഷകള്‍ക്കൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ കുറവ്, തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ കാരണങ്ങളാലാണ് അപേക്ഷകള്‍ നിരസിക്കേണ്ടിവരുന്നത്. ഹൗസ് ഡ്രൈവര്‍, വീട്ടുവേലക്കാരികള്‍ തുടങ്ങിയ വിസകള്‍ക്ക് അപേക്ഷിക്കുന്ന പലരുടേയും സാമ്പത്തിക നിലയാണ് അയോഗ്യതക്ക് കാരണമാവുന്നത്.

ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ അടക്കാതിരിക്കല്‍, വിസക്ക് ഫീസ് മുന്‍കൂറായി ബാങ്കില്‍ അടക്കാതിരിക്കല്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കാതിരിക്കല്‍, ഒന്നില്‍ കൂടുതല്‍ വിസക്ക് യോഗ്യതയില്ലാതിരിക്കല്‍ തുടങ്ങിയ കാരണങ്ങളാലും അപേക്ഷകള്‍ നിരസിക്കപ്പെടുന്നുണ്ട്.ഒരു ഗാര്‍ഹിക തൊഴിലാളി വിസ ലഭിക്കുന്നതിന് അപേക്ഷകന്റെ ചുരുങ്ങിയ ശമ്പളം 5,000 റിയാലായിരിക്കണം. കൂടാതെ 35,000 റിയാലില്‍ ചുരുങ്ങാത്ത സംഖ്യ വ്യക്തമാക്കുന്ന ആറു മാസത്തെ ബാങ്ക് വിവരങ്ങളും അറിയിച്ചിരിക്കണം.

രണ്ടാമത്തെ വിസക്കു വേണ്ടിയുള്ള അപേക്ഷക്ക് 8,000 റിയാല്‍ മാസവരുമാനമുണ്ടെന്ന് തെളിയിക്കുന്ന രേഖയാണ് സമര്‍പ്പിക്കേണ്ടത്. 80,000 റിയാലില്‍ കുറയാത്ത ആറു മാസത്തെ വരുമാന രേഖകളും സമര്‍പ്പിക്കണം. മൂന്നാമത്തെ വിസക്ക് 18,000 റിയാല്‍ മാസവരുമാനവും 120,000 റിയാലില്‍ കുറയാത്ത ആറു മാസത്തെ വരുമാനവും നാലാമത്തെ വിസക്ക് 30,000 റിയാല്‍ മാസവരുമാനവും 250,000 റിയാലില്‍ കുറയാത്ത ആറു മാസത്തെ വരുമാനവും ലഭിക്കുന്നുണ്ടെന്ന് അപേക്ഷകന്‍ രേഖാമൂലം തെളിയിച്ചിരിക്കണം.

വിദേശ കുടുംബങ്ങള്‍ക്കും വീട്ടുവേലക്കാരികളെ പോലെ തന്നെ ഹൗസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ കഴിയുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നിയമത്തില്‍ വരുത്തിയ ചില ഭേദഗതികള്‍ പ്രകാരം സ്വദേശി കുടുംബങ്ങള്‍ക്ക്്് മുസാനിദ് പദ്ധതിയിലൂടെ അഞ്ചു വിസകള്‍ വരെ ലഭിക്കാന്‍ അര്‍ഹതയുണ്ട്. കൂടാതെ അര്‍ഹരായ സ്വദേശികള്‍ക്കും വിദേശ വനിതക്കും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാം.

വിദേശികള്‍ വരുമാനം തെളിയിക്കുന്ന ശമ്പള സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കിയിരിക്കണം. അപേക്ഷകരുടെ സാമ്പത്തിക യോഗ്യത, നിലവിലുള്ള തൊഴിലാളികളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ എന്നിവ പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് വില അനുവദിക്കുക. സൗദി കുടുംബങ്ങള്‍ക്ക് യോഗ്യത അനുസരിച്ചു വീട്ടുവേലക്കാരി, വീട്ടുവേലക്കാരന്‍, ഹൗസ് ഡ്രൈവര്‍, ആയമാര്‍, പുരുഷ ഹോം നഴ്‌സ്, വനിതാ ഹോം നഴ്‌സ്, വിദേശി കുടുംബത്തിന് വീട്ടുവേലക്കാരി, ഹൗസ് ഡ്രൈവര്‍, സ്വദേശി പൗരന്മാര്‍ക്ക് ഹൗസ് ഡ്രൈവര്‍, വീട്ടുവേലക്കാരന്‍, ഇപ്രകാരം തന്നെ സ്വദേശി വനിതയുടെ പേരില്‍ വീട്ടുവേലക്കാരികള്‍, ഹൗസ് ഡ്രൈവര്‍ എന്നിവരെയും ലഭിക്കും. സൗദി പൗരന്‍ വിവാഹം മോചനം നടത്തിയ കുട്ടികളുള്ള വിദേശ വനിതക്കും വേലക്കാരിയേയും ഹൗസ് ഡ്രൈവറേയും റിക്രൂട്ട് ചെയ്യാം.
Next Story

RELATED STORIES

Share it