ernakulam local

ഗാര്‍ഹിക പീഡനം : പരാതി നല്‍കിയ യുവതി വനിതാ കമ്മീഷന്‍ സിറ്റിങ്ങില്‍ പ്രതികൂട്ടില്‍



കൊച്ചി: ഗാര്‍ഹിക പീഢനം സംബന്ധിച്ച് വനിതാ കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കിയ യുവതി സിറ്റിങ് നടന്നപ്പോള്‍ പ്രതികൂട്ടിലായി. ആലുവ സ്വദേശിനിയാണ് ഭര്‍ത്താവിന്റെ അച്ഛനും അമ്മയ്ക്കുമെതിരെ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നത്. ഇന്നലെ നടന്ന സിറ്റിങ്ങില്‍ പരാതിക്കാരി  ഹാജരായില്ല. എന്നാല്‍ എതിര്‍കക്ഷികള്‍ കൃത്യമായി ഹാജരാകുകയും ചെയ്തു. നടക്കാന്‍ പോലും വയ്യാത്ത അച്ഛനെയും അമ്മയെയും മകനാണു ഹാജരാക്കിയത്. മരുമകള്‍ പട്ടിക കൊണ്ട് തലയ്ക്കടിച്ചതിന്റെയും പട്ടിണിക്കിട്ടതിന്റെയുമെല്ലാം കഥകള്‍ ഇവര്‍ വിവരിച്ചപ്പോഴാണ് ആദ്യം ലഭിച്ച പരാതിയെക്കുറിച്ചു വനിതാ കമ്മിഷനു സംശയമുണ്ടായത്. തുടര്‍ന്ന് എതിര്‍കക്ഷികളോട് ഇനി ഹാജരാവേണ്ടെന്നു നിര്‍ദേശിച്ച കമ്മിഷന്‍ പരാതിക്കാരിയോട് അടുത്ത സിറ്റിങ്ങില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടു. ഇന്നലെ എറണാകുളത്ത് നടന്ന സംസ്ഥാന വനിതാ കമ്മിഷന്‍ പരിഗണിച്ച കേസുകളില്‍ അധികവും ജോലിസ്ഥലത്ത് പീഡനങ്ങള്‍ സംബന്ധിച്ചുള്ളവയായിരുന്നു. വനിതകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ജോലി സ്ഥലത്തു രൂപീകരിച്ചിരിക്കുന്ന കമ്മിറ്റികള്‍ക്കു പരാതി നല്‍കിയശേഷം വേണം വനിതാ കമ്മിഷനെ സമീപിക്കാനെന്നു കമ്മിഷന്‍ നിര്‍ദേശിച്ചു.  ഇന്നലെ നടന്ന അദാലത്തില്‍ തൊണ്ണൂറ് പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 13 എണ്ണത്തിന്മേല്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. നാല് പരാതികള്‍ കൗണ്‍സലിങ്ങിനായി വിട്ടു. നാല് പരാതിയില്‍ ആര്‍ഡിഒയുടെ റിപോര്‍ട്ട് ആവശ്യപ്പെട്ടു. കമ്മിഷന്‍ അംഗം ഡോ. ലിസി ജോസ്, ഡയറക്ടര്‍ കെ യു കുര്യാക്കോസ്, വനിതാ സെല്‍ എസ്‌ഐ സോന്‍ മേരി പോള്‍ സിറ്റിങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it