Flash News

ഗാന്ധി വധക്കേസ് പുനരന്വേഷണം : അമരീന്ദ്ര സരണ്‍ അമിക്കസ് ക്യൂറി



ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയില്‍ സുപ്രിംകോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലുമായ അമരീന്ദ്ര സരണിനെയാണ് ഇന്നലെ പ്രാഥമിക വാദം കേട്ട എസ് എ ബോബ്‌ഡെയും എല്‍ നാഗേശ്വര്‍ റാവുവും അടങ്ങുന്ന രണ്ടംഗ ബെഞ്ച് നിയമിച്ചത്. ഗോഡ്‌സെയല്ല ഗാന്ധിജിയെ വെടിവച്ചുകൊന്നതെന്നും മറ്റൊരു അജ്ഞാതനാണ് കൃത്യം ചെയ്തതെന്നും ചൂണ്ടിക്കാട്ടി ഹിന്ദുത്വസംഘടനയായ അഭിനവ് ഭാരത് നേതാവ് മുംബൈ സ്വദേശി പങ്കജ് ഫഡ്‌നാവിസ് നല്‍കിയ ഹരജിയിലാണ് നടപടി. ഏഴുപതിറ്റാണ്ടോളം മുമ്പുള്ള സംഭവത്തില്‍ നിയമത്തിന് ഇനി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ആവശ്യം നിയമപരമായി സാധ്യമാണോയെന്നു പരിശോധിക്കാന്‍ കോടതി ആഗ്രഹിക്കുന്നു. എന്നാല്‍, സംഭവത്തില്‍ മറ്റൊരാള്‍ കൂടിയുണ്ടെന്ന് പങ്കജ് ചൂണ്ടിക്കാട്ടിയെങ്കിലും, വിഷയത്തില്‍ നിയമത്തിന്റെ വഴിക്കു പോവാനാണ് ആഗ്രഹിക്കുന്നതെന്നും ഇതില്‍ രാഷ്ട്രീയ താല്‍പര്യമില്ലെന്നും കോടതി പ്രതികരിച്ചു. മൂന്നാമതൊരു കുറ്റവാളികൂടിയുണ്ടെന്ന ആരോപണം ശരിയാണെങ്കില്‍ അദ്ദേഹം ഇന്നു ജീവിച്ചിരിപ്പുണ്ടെങ്കില്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നിരിക്കും- കോടതി വ്യക്തമാക്കി. ഗാന്ധിജിക്ക് മരണസമയം നാലു വെടിയേറ്റിരുന്നുവെന്നും ഗോഡ്‌സെ മൂന്നു വെടിയുണ്ടകള്‍ മാത്രമാണ് ഉതിര്‍ത്തതെന്നും നാലാമത്തെ വെടിയുണ്ടയാണ് ഗാന്ധിജിയുടെ ജീവനെടുത്തതെന്നുമാണ് ഹരജിയില്‍ വാദിക്കുന്നത്. ഗാന്ധിവധം റിപോര്‍ട്ട് ചെയ്ത മാധ്യമങ്ങളില്‍ അദ്ദേഹത്തിന് നാലു വെടിയുണ്ടകള്‍ ഏറ്റിരുന്നുവെന്ന് പറയുന്നുണ്ട്. ഗാന്ധിജിയുടെ അനുയായി മനു ബെന്നിന്റെ ഡയറിയിലെ അന്നത്തെ സംഭവങ്ങളെക്കുറിച്ച് പറയുന്ന കുറിപ്പും ഹരജിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. കേസ് ഈ മാസം 30നു വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it