Flash News

ഗാന്ധി ട്രെയിനില്‍ അപമാനിക്കപ്പെട്ടതിന്റെ 125ാം വാര്‍ഷികം ആചരിച്ച് ദക്ഷിണാഫ്രിക്ക

ജൊഹാനസ്ബര്‍ഗ്: ഇന്ത്യന്‍ രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ വര്‍ണവിവേചനത്തിന്റെ പേരില്‍ ട്രെയിനില്‍ നിന്നു വലിച്ചെറിഞ്ഞതിന്റെ 125ാം വാര്‍ഷികം ആചരിച്ച് ദക്ഷിണാഫ്രിക്ക. വര്‍ണവിവേചനം നിലനിന്നദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റ് ഒഴിഞ്ഞുകൊടുക്കാതിരുന്ന ഗാന്ധിജിയെ വെള്ളക്കാരനായ ഉദ്യോഗസ്ഥന്‍ മര്‍ദിക്കുകയും ട്രെയിനില്‍ നിന്നു പിടിച്ചു പുറത്തിടുകയുമായിരുന്നു.
1893 ജൂണ്‍ 7നു ദക്ഷിണാഫ്രിക്കയിലെ പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗ് റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ജോലിയാവശ്യാര്‍ഥം യാത്ര ചെയ്യുകയായിരുന്ന ഗാന്ധിയെ വഴിമധ്യേ പിടിച്ചിറക്കുകയായിരുന്നു. തുടര്‍ന്ന് പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗ് സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ വിശ്രമിക്കുകയായിരുന്ന ഗാന്ധി അവിടെയും  അധിക്ഷേപത്തിനിരയായി. ഇതോടെയാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ വംശജര്‍ അടക്കമുള്ള കറുത്ത വര്‍ഗക്കാര്‍ അനുഭവിക്കുന്ന വിവേചനത്തിനെതിരേ സമാധാനപരമായ സമരം എന്ന ആശയം ഗാന്ധിജി വികസിപ്പിച്ചെടുത്തത്. സംഭവത്തെ അസഹിഷ്ണുതയുടെയും വര്‍ണവിവേചനത്തിന്റയും ലോകത്തെ ഏറ്റവും കുപ്രസിദ്ധമായ അടയാളമായി ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രപിതാവ് നെല്‍സണ്‍ മണ്ടേല വിശേഷിപ്പിച്ചിരുന്നു.
125ാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നു ദിവസത്തെ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നലെ തുടങ്ങിയ പരിപാടിയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പങ്കെടുത്തു. 1996ല്‍ നെല്‍സണ്‍ മണ്ടേല ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ഉടനെ ഈ സംഭവത്തെ ആസ്പദമാക്കി ശ്യാം ബെനഗല്‍ സിനിമ നിര്‍മിച്ചിരുന്നു.
Next Story

RELATED STORIES

Share it