Flash News

ഗാന്ധിവധം: പുനരന്വേഷണ ഹരജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഹിന്ദുത്വവാദിയായ നാഥുറാം ഗോഡ്‌സെ കൊലപ്പെടുത്തിയ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി. കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്‌ഫോടനക്കേസുകളില്‍ ആരോപണം നേരിടുന്ന സംഘപരിവാര സംഘടനയായ അഭിനവ് ഭാരതിന്റെ ട്രസ്റ്റി പങ്കജ്  ഫഡ്‌നിസാണ് ഹരജി നല്‍കിയിരുന്നത്. ഏഴു മാസത്തിനിടെ 12 തവണ വാദം കേട്ട ശേഷമാണ് ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എല്‍ നാഗേശ്വര റാവു എന്നിവര്‍ ഇന്നലെ ഹരജി തള്ളിയത്.
രണ്ടാമതൊരാളുടെ തോക്കില്‍ നിന്നേറ്റ നാലാമത്തെ ബുള്ളറ്റാണ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് കാരണമായതെന്നാണ് ഹരജിക്കാരന്‍  ആരോപിക്കുന്നത്. അതിനാല്‍, കേസില്‍ വിശദമായ കൂടുതല്‍ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ വികാരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കേസ് പുനപ്പരിശോധിക്കാനാവില്ലെന്നും നിയമപരമായ കീഴ്‌വഴക്കം അനുസരിച്ച് കോടതിക്ക് മുന്നോട്ടുപോവാനാവു  എന്ന് ബെഞ്ച്  വ്യക്തമാക്കി. അക്കാദമിക് റിസര്‍ച്ചിനെ അടിസ്ഥാനമാക്കിയാണ് കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട ഹരജി നല്‍കിയിരിക്കുന്നത്. എന്നാല്‍, 70 വര്‍ഷം മുമ്പ് നടന്ന സംഭവം അക്കാദമിക് ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ പുനരന്വേഷിക്കാന്‍ ആവില്ലെന്നും കോടതി വ്യക്തമാക്കി.
ഗാന്ധി വധത്തില്‍ എന്താണു സംഭവിച്ചതെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നാണു നിങ്ങള്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യങ്ങള്‍ എല്ലാം ജനങ്ങള്‍ക്ക് നന്നായി അറിയാം. നിങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ സംശയം ഉണ്ടാക്കുകയാണ്. മഹാത്മാഗാന്ധിയെ കൊന്നവരെ തിരിച്ചറിയുകയും തൂക്കിക്കൊല്ലുകയും ചെയ്തിട്ടുണ്ട്. ഇത് പുനപ്പരിശോധിക്കാനോ ശരിയാക്കാനോ ഞങ്ങള്‍ പോവുന്നില്ല. ഇത് വികാരപരമായ വിഷയമല്ല. വൈകാരികത കാണിക്കേണ്ട വിഷയമല്ല ഇതെന്നും ഞങ്ങള്‍ നിങ്ങളെ കേട്ടെന്നും ഇനി ഉത്തരവ് പുറപ്പെടുവിക്കുമെന്നും മാര്‍ച്ച് ആറിന് കോടതി വ്യക്തമാക്കിയിരുന്നു.
ഡിസംബര്‍ എട്ടിന്, കേസില്‍ കോടതിയെ സഹായിക്കുന്നതിനായി നിയോഗിച്ച അമിക്കസ്‌ക്യൂറി അമരേന്ദ്ര ശരന്‍ കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.  രണ്ടാമതൊരാളുടെ നാലാമത്തെ ബുള്ളറ്റ് ഏറ്റാണ് ഗാന്ധിജി മരിച്ചതെന്നതിന് പുതിയ തെളിവില്ലെന്നും അതിനാല്‍ പുനരന്വേഷിക്കേണ്ടതില്ലെന്നുമായിരുന്നു അമിക്കസ് ക്യൂറിയുടെ റിപോര്‍ട്ട്.
Next Story

RELATED STORIES

Share it