ഗാന്ധിയെയും ഗൗരിയെയുംവധിച്ചത് ഒരേ ശക്തികള്‍: സ്വാമി അഗ്നിവേശ്

ബംഗളൂരു: മഹാത്മാഗാന്ധിയെ വധിച്ച അതേ ശക്തികള്‍ തന്നെയാണു ഗൗരി ലങ്കേഷിനെയും വധിച്ചതെന്നു പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്. ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ബംഗളൂരു സെന്‍ട്രല്‍ കോളജിലെ ജ്ഞാനജ്വാതി ഓഡിറ്റോറിയത്തില്‍ നടന്ന ആവിഷ്‌കാര സ്വാതന്ത്ര്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൗരിയുടെ വധത്തിലൂടെ അവരുടെ പാത ഒരുക്കാമെന്നാണു കൊലയാളികള്‍ കരുതിയത്. എന്നാല്‍, ലക്ഷക്കണക്കിനാളുകളിലൂടെ ഗൗരി പുനര്‍ജ്ജനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ എഴുത്തുകളിലൂടെ ജീവിതകാലമത്രയും പോരാടിയ ധീരവനിതയായിരുന്നു ഗൗരി ലങ്കേഷെന്നു ജിഗ്‌നേഷ് മേവാനി എംഎല്‍എ അനുസ്മരിച്ചു. ഗൗരി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ മോദി സര്‍ക്കാര്‍ അവരെ അര്‍ബന്‍ നക്‌സലായി മുദ്രകുത്തുമായിരുന്നെന്നും മേവാനി കൂട്ടിച്ചേര്‍ത്തു. ഗൗരി ലങ്കേഷ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ജിഗ്‌നേഷ്.ഗൗരി ലങ്കേഷ് എഡിറ്ററായിരുന്ന പ്രസിദ്ധീകരണമായ ലങ്കേഷ് പത്രികയുടെ പുനര്‍പ്രകാശനവും ജിഗ്‌നേഷ് മേവാനി നിര്‍വഹിച്ചു. ന്യായപാത’ എന്നാണ് ലങ്കേഷ് പത്രികയുടെ പുതിയ പേര്. ഹിന്ദുത്വര്‍ കൊന്ന യുക്തിവാദികളായ ഗോവിന്ദ് പന്‍സാരെ, എംഎം കല്‍ബുര്‍ഗി എന്നിവരുടെ ബന്ധുക്കളും സിനിമാതാരം പ്രകാശ് രാജ്, മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്താ സെറ്റല്‍വാദ്, കവിതാ ലങ്കേഷ്, ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it