ഗാന്ധിയുടെ കൊച്ചുമകള്‍ക്കെതിരേദക്ഷിണാഫ്രിക്കയില്‍ കേസ്

ജൊഹാനസ്ബര്‍ഗ്: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധിയുടെ കൊച്ചുമകള്‍ക്കെതിരേ ദക്ഷിണാഫ്രിക്കയില്‍ കേസ്. 8,30,000 ഡോളറിലധികം തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് ഗാന്ധിജിയുടെ കൊച്ചുമകള്‍ അഷിഷ് ലത റാംഗോബിക്കെതിരേ കേസെടുത്തത്. കബളിപ്പിക്കല്‍, മോഷണം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.ഇവരെ ഡര്‍ബനിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ആശുപത്രിയിലേക്കു കിടക്കവിരികളും മറ്റും ഇറക്കുമതി ചെയ്യാനുള്ള ടെന്‍ഡര്‍ ഇന്ത്യയില്‍ നിന്നു ലഭിച്ചെന്നറിയിച്ച് രണ്ടു പ്രാദേശിക വ്യാപാരികളെ വഞ്ചിച്ചുവെന്നാണ് കേസ്. ഇള ഗാന്ധിയുടെയും മേവാ റാംഗോബിന്റെയും മകളാണ് 45കാരിയായ അഷിഷ് ലത.മൂന്നു കെണ്ടയ്‌നര്‍ കിടക്കവിരി, തലയിണകള്‍ തുടങ്ങിയവ ഇന്ത്യയില്‍ നിന്ന് അയച്ചെന്നു വ്യാജരേഖകളുണ്ടാക്കിയാണ് ഇവര്‍ തട്ടിപ്പു നടത്തിയത്. കസ്റ്റംസ് ക്ലിയറന്‍സിനും മറ്റും പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലക്ഷങ്ങള്‍ കച്ചവടക്കാരില്‍ നിന്നു വാങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ അഷിഷ് ലതയെ ജാമ്യത്തില്‍ വിട്ടു. കേസ് വീണ്ടും നവംബര്‍ 19നു പരിഗണിക്കും.
Next Story

RELATED STORIES

Share it