wayanad local

ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് പ്രസക്തി കൂടി: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍



മാനന്തവാടി: ലോകം മറ്റൊരു യുദ്ധത്തിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ക്ക്  പ്രസക്തി കൂടിയതായി തുറമുഖം-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ സര്‍വകലാശാലാ മാനന്തവാടി കാംപസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  ലോകസമാധാനത്തിനും അഹിംസയ്ക്കും വേണ്ടി ജീവിച്ച ഗാന്ധിജിയുടെ പ്രസക്തി ഐക്യരാഷ്ട്ര സംഘടന പോലും തിരിച്ചറിഞ്ഞു. എന്നാല്‍, നമ്മുടെ നാട്ടില്‍ ഗാന്ധിയന്‍ സ്മൃതികളെ തമസ്‌കരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. അത്തരം ശ്രമങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന കാലാതീതമായ ദര്‍ശനങ്ങളാണ് അദ്ദേഹം മുന്നോട്ടുവച്ചതെന്നു മനസ്സിലാക്കണം. രാജ്യം നേരിടുന്ന സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് ആ യുഗപ്രഭാവന്റെ ദര്‍ശനങ്ങളാണ് ഏക പരിഹാരം. വൈവിധ്യങ്ങളുള്ള രാജ്യം ഇതുപോലെ നിലനില്‍ക്കുന്നതിനു പിന്നില്‍ വലിയൊരു സാംസ്‌കാരികാടിത്തറയുണ്ട്. ഒരു മതത്തിന്റെ സൃഷ്ടിയല്ല അത്. എല്ലാ മതബിംബങ്ങളെയും പുതിയ ലോകത്തിന്റെ  ചൈതന്യമായാണ് മഹാത്മാഗാന്ധി കണ്ടത്- മന്ത്രി പറഞ്ഞു. സര്‍വചരാചരങ്ങളെയും ഒരുപോലെ കാണുകയും അവരുടേതായ സ്വാതന്ത്ര്യങ്ങള്‍ അംഗീകരിക്കണമെന്നുമാണ് ഗാന്ധിജി ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഒ ആര്‍ കേളു എംഎല്‍എ അഭിപ്രായപ്പെട്ടു. ഗാന്ധിസ്മൃതി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു. പരമ്പരാഗത നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമനെ മന്ത്രി പുരസ്‌കാരം നല്‍കി ആദരിച്ചു. ഗാന്ധിയന്‍ പ്രതിരോധത്തിന്റെ വര്‍ത്തമാനം  എന്ന വിഷയത്തില്‍ പ്രഫ. ബി മുഹമ്മദ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ പി അബ്ദുല്‍ ഖാദര്‍, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, പഞ്ചായത്ത് അംഗം പി ആര്‍ വെള്ളന്‍, കണ്ണൂര്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് മെംബര്‍ ഡോ. ബീന സദാശിവന്‍, ഡിടിആര്‍എസ് വകുപ്പ് മേധാവി ഡോ. സീത കക്കോത്ത്, കെയുടിഇസി കോഴ്‌സ് ഡയറക്ടര്‍ എ സജിത്ത് സംസാരിച്ചു. ജില്ലാ ഭരണകൂടം, കണ്ണൂര്‍ സര്‍വകലാശാലാ മാനന്തവാടി കാംപസ്, വിദ്യാഭ്യാസ-ആരോഗ്യ-എക്‌സൈസ്-പഞ്ചായത്ത് വകുപ്പുകള്‍, സാക്ഷരതാ മിഷന്‍, യുവജനക്ഷേമ ബോര്‍ഡ്, കുടുംബശ്രീ, നെഹ്‌റുയുവകേന്ദ്ര എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ ഒക്ടോബര്‍ രണ്ടുമുതല്‍ ഒമ്പതുവരെ വാരാഘോഷം സംഘടിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it