Kottayam Local

ഗാന്ധിനഗര്‍ പോലിസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധാഗ്നി

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ ദലിത് യുവാവ് കെവിനെ വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലിസിനെതിരേ പ്രതിഷേധം. കെവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവും വധുവും നല്‍കിയ പരാതി പോലിസ് അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെട്ടത്.
ഇന്നലെ രാവിലെ മുതല്‍ കെവിന്റെ ബന്ധുക്കളും വിവിധ സംഘടനകളും മുദ്രാവാക്യം വിളികളുമായി ഉപരോധസമരം ആരംഭിച്ചു. പ്രതിപക്ഷ നേതാക്കള്‍, യൂത്ത് കോണ്‍ഗ്രസ്, ബിജെപി, എസ്ഡിപിഐ, സിഎസ്ഡിഎസ്, എഐവൈഎഫ്, ബിഎസ്പി പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷനും പരിസരവും കൈയടക്കി. രാവിലെ 11 മണിയോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം ആരംഭിച്ചത്. പോലിസിന്റെ ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചു. അതിനിടെ പ്രതിഷേധവുമായി പോലിസ് സ്‌റ്റേഷനു മുന്നില്‍ സംഘടിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്പി മുഹമ്മദ് റഫീഖിനുനേരെ പാഞ്ഞടുത്തു. കൊടി ഉപയോഗിച്ച് എസ്പിയെ മര്‍ദിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും പോലിസ് സ്‌റ്റേഷനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് സ്റ്റേഷനു മുന്നില്‍ തിരുവഞ്ചൂര്‍ ഉപവസിച്ചു. വിവരമറിഞ്ഞെത്തിയ മധ്യമേഖല ഐജി വിജയ് സാഖറേക്കെതിരേയും പ്രതിഷേധമുയര്‍ന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചത് പോലിസുമായി നേരിയ ഉന്തിനും തള്ളിനുമിടയാക്കി. ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമിടപെട്ടാണ് രംഗം ശാന്തമാക്കിയത്.
തുടര്‍ന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഐജിയുമായി രൂക്ഷമായ വാഗ്വാദമുണ്ടായി. കെവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൈക്കൂലി വാങ്ങി അന്വേഷണം വൈകിപ്പിച്ച പോലിസുകാരുടേത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഞ്ഞടിച്ചു.
കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പിന്നാലെ എഐസിസി ജന നല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും കെ സുധാകരനുമെത്തിയതോടെ സമരത്തിന്റെ ഗതിമാറി.  വൈകീട്ട് ആറുമണിയോടെ കെവിന്റെ മൃതദേഹവുമായി തെന്‍മലയില്‍ നിന്ന് മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ ബിഎസ്പി, സിഎസ്ഡിഎസ് തുടങ്ങി വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ മോര്‍ച്ചറി പരിസരത്ത് ആംബുലന്‍സ് തടയാന്‍ ശ്രമിച്ചെങ്കിലും ഡിവൈഎസ്പിയും ദലിത് നേതാക്കളും ഇടപെട്ട് രംഗം ശാന്തമാക്കി.
Next Story

RELATED STORIES

Share it