ഗാന്ധിജിയെ മഹാത്മ എന്നുവിളിച്ചത് 'മാധ്യമപ്രവര്‍ത്തകന്‍'

അഹ്മദാബാദ്: നൊബേല്‍ ജേതാവ് രവീന്ദ്രനാഥ ടാഗൂറാണ് ഗാന്ധിജിയെ ആദരസൂചകമായി മഹാത്മ എന്നു വിളിച്ചതെന്നാണ് രാജ്യത്തെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുന്നത്. എന്നാല്‍, ഗുജറാത്തില്‍ നിന്ന് ഇതിനു പുതിയ തിരുത്ത്. സൗരാഷ്ട്രയിലെ ജേത്പുര്‍ നഗരത്തിലുള്ള അജ്ഞാത മാധ്യമപ്രവര്‍ത്തകനാണ് ഗാന്ധിയെ മഹാത്മ എന്നു വിളിച്ചതെന്ന് ഗുജറാത്തിലെ ജില്ലാ ഭരണകൂടം പറയുന്നു.
രാജ്‌കോട്ടിലേതടക്കം ആറോളം റവന്യൂ വകുപ്പിലേക്ക് പരീക്ഷ നടത്തിപ്പു ചുമതലയുള്ള രാജ്‌കോട്ട് ജില്ലാ പഞ്ചായത്ത് ശിക്ഷണ്‍ സമിതി പ്രമുഖ ഗാന്ധിയന്‍ നാരായണ്‍ ദേശായിയെ ഉദ്ധരിച്ചാണ് ഇക്കാര്യം വിശദീകരിച്ചത്.
ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ ആയിരിക്കുമ്പോള്‍ ജേത്പൂരില്‍ നിന്നു വന്ന കത്തിലാണ് ആദ്യം മഹാത്മാ എന്ന് അഭിസംബോധന ചെയ്തതെന്ന് നാരായണ്‍ ദേശായ് പറയുന്നു. മാധ്യമപ്രവര്‍ത്തകന്റെ പേര് അറിയില്ലെന്ന് ജില്ലാ പഞ്ചായത്ത് ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
പരീക്ഷയുടെ ചോദ്യപേപ്പറില്‍ കാണിച്ച ഉത്തരങ്ങളില്‍ തെറ്റുണ്ടെന്നു കാട്ടി ഉദ്യോഗാര്‍ഥി സന്ധ്യ മരു ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്. ഗാന്ധിയെ മഹാത്മാ എന്ന് ആദ്യം വിളിച്ചത് ആരെന്ന ചോദ്യത്തിന്റെ ഉത്തരം അജ്ഞാത മാധ്യമപ്രവര്‍ത്തകനാണെന്ന അധികൃതരുടെ വാദം ഖണ്ഡിച്ച് സന്ധ്യ മരു ഹരജി സര്‍പ്പിക്കുകയായിരുന്നു. മറ്റ് രണ്ടു ചോദ്യങ്ങളുടെ ഉത്തരങ്ങളും ഇയാള്‍ ഹരജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.
ഹരജി പരിഗണിച്ച ജസ്റ്റിസ് ജെ ബി പര്‍ദിവാല ഉദ്യോഗാര്‍ഥി എഴുതിയ ഉത്തരം സംബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ അഭിഭാഷകനോട് വിശദാംശങ്ങള്‍ ആരാഞ്ഞു. ടാഗൂറെന്ന ഉത്തരം ഉദ്യോഗാര്‍ഥി എഴുതിയത് സ്‌കൂള്‍ പാഠപുസ്തകം ആധാരമാക്കിയാണെന്ന് അഭിഭാഷകന്‍ വിവരിച്ചു. സംശയമുണര്‍ത്തുന്ന ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് 17ലേക്കു മാറ്റി.
Next Story

RELATED STORIES

Share it