Kottayam Local

ഗാന്ധിജയന്തി വാരാഘോഷത്തിന് ഇന്ന് തുടക്കം



കോട്ടയം: ഗാന്ധി ജയന്തി വാരാഘോഷത്തിന് ഇന്ന് തിരുനക്കരയില്‍ തിരശീല ഉയരും. ബയോപാര്‍ക്ക് ഉദ്ഘാടനം, പരിസ്ഥിതി സെമിനാര്‍, നാട്ടറിവ് കൃഷി കൂട്ടായ്മ, ശാസ്ത്ര സെമിനാര്‍, ലഹരിവിരുദ്ധ സെമിനാര്‍, കാര്‍ട്ടൂണ്‍ ക്യാംപ്, പ്രഭാഷണം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും ഗാന്ധിയന്‍ സംഘടനകളുടെയും സഹകരണത്തോടെ വാരാചരണം സംഘടിപ്പിക്കുന്നത്. വാരാഘോഷത്തിന് തുടക്കം കുറിച്ച് രാവിലെ എട്ടിന് കലക്ടറേറ്റ് വളപ്പില്‍ നിന്നും എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കൂട്ടയോട്ടവും സമാധാനറാലിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഫഌഗ് ഓഫ് ചെയ്യും. സ്റ്റുഡന്റ് പോലിസ് കാഡറ്റുകള്‍, എന്‍സിസി, എന്‍എസ്എസ് വോളന്റിയര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. തിരുവഞ്ചൂര്‍ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളും ഗവ. ഓള്‍ഡ് ഏജ് ഹോമിലെ അന്തേവാസികളും ഇക്കുറി കൂട്ടയോട്ടത്തിലും സമാധാനറാലിയിലും പങ്കെടുക്കാനെത്തും. കൂട്ടയോട്ടവും സമാധാനറാലിയും ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചതിന് ശേഷം ഗാന്ധിപ്രതിമയില്‍ ഹാരാര്‍പണവും പുഷ്പാര്‍ച്ചനയും നടക്കും. നഗരസഭാധ്യക്ഷ ഡോ. പി ആര്‍ സോനയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ വാരാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും. വാര്‍ഡ് കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ അബ്ദുള്‍ റഷീദ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി സി ജി വാസുദേവന്‍ നായര്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, എഡിസി (ജനറല്‍) പി എസ് ഷിനോ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ കെ അരവിന്ദാക്ഷന്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി എന്‍ സുരേഷ്, കല്കടര്‍ ഡോ. ബി എസ് തിരുമേനി, പിആര്‍ഡി അസി. എഡിറ്റര്‍ സിനി കെ. തോമസ്  സംസാരിക്കും.എട്ടിന് ലൈബ്രറി കൗണ്‍സിലിന്റെയും വൈക്കം നഗരസഭയുടെയും സഹകരണത്തേ ാടെ വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ വാരാഘോഷത്തിന്റെ സമാപന സമ്മേളനം നടത്തും. സി കെ ആശ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭാധ്യക്ഷ ഇന്ദിരാദേവി അധ്യക്ഷത വഹിക്കും. മാധ്യമപ്രവര്‍ത്തകന്‍ സി ഗൗരിദാസന്‍ നായര്‍, വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ജിമ്മി കെ ജോസ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
Next Story

RELATED STORIES

Share it