Pathanamthitta local

ഗാന്ധിജയന്തി വാരാഘോഷം : ജില്ലയില്‍ നാളെ മുതല്‍ വിപുലമായ പരിപാടികള്‍



പത്തനംതിട്ട: ഗാന്ധിജയന്തി വാരാഘോഷം ജില്ലയില്‍ വിപുലമായ പരിപാടികളോടെ നാസെംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. ലഹരിവിരുദ്ധ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി രണ്ടിന് രാവിലെ ഒമ്പതിന് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സ്‌റ്റേഡിയത്തില്‍ നിന്ന് കൂട്ടയോട്ടം സംഘടിപ്പിക്കും. രാവിലെ 9.30ന് പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷനിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.  ഇതോടനുബന്ധിച്ച് പിആര്‍ഡിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിസൂക്ത ചിത്രപ്രദര്‍ശനവും, ഗാന്ധി സിനിമയുടെ പ്രദര്‍ശനവും സംഘടിപ്പിക്കും.  ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ലൈബ്രറികളിലും ഒരാഴ്ചക്കാലം വിമുക്തി ലഹരിവിരുദ്ധ സെമിനാര്‍ നടത്തും. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ച് ആരോഗ്യശുചിത്വ ബോധവത്കരണ സെമിനാറുകള്‍  നടത്തും. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ അടിസ്ഥാനമാക്കി മതതീവ്രവാദം, വര്‍ഗീയത, ലഹരി എന്നിവയ്‌ക്കെതിരെയുള്ള സന്ദേശം വിദ്യാര്‍ഥികളില്‍ എത്തിക്കുന്നതിനായി യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, പ്രസംഗം, ദേശഭക്തി ഗാനാലാപനം തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കും.   സ്‌കൂള്‍ തലത്തില്‍ ഒക്‌ടോബര്‍ മൂന്നിനും, ഉപജില്ലാ തലത്തില്‍ അഞ്ചിനും, ജില്ലാ തലത്തില്‍ ഏഴിനുമാണ് മത്സരങ്ങള്‍. ഖാദി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഖാദി ഷോറൂമുകളില്‍ ഖാദി ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണനം സംഘടിപ്പിക്കും. വാരാചരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓഫീസുകളും പരിസരവും ജീവനക്കാരുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സഹകരണത്തോടെ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ശുചീകരിക്കും.  കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജൈവകൃഷി ബോധവത്ക്കരണ ക്യാംപ്  സംഘടിപ്പിക്കും. ജില്ലാതല സമാപനം ഒമ്പതിന് അടൂര്‍ ബോയ്‌സ് എച്ച്എസ്എസില്‍ നടക്കും. ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രഫ. ടി കെ ജി നായര്‍, ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ കെ മുഹമ്മദ് റഷീദ്, ആയൂര്‍വേദ ഡിഎംഒ ഡോ.ബോബന്‍ കെ അലക്‌സ്, ടിഡിഒ എസ് സന്തോഷ്‌കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്പി എസ് റഫീഖ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം കെ ഗോപി, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന സി പി സുനില്‍, ഡിഇഒമാരായ പി ഉഷാദേവി, പി എ ശാന്തമ്മ, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ദീപ ജയിംസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി മണിലാല്‍, അസി. എഡിറ്റര്‍ പി ആര്‍ സാബു, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ പി ശ്രീഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ അസി. കോ ഓര്‍ഡിനേറ്റര്‍ വി എസ് സീമ പങ്കെടുത്തു.
Next Story

RELATED STORIES

Share it