ഗാഡ്ഗില്‍ റിപോര്‍ട്ടും നവകേരളവും

ഈ പ്രളയം മനുഷ്യനിര്‍മിതം-2

പി ടി തോമസ്

ഗാഡ്ഗില്‍ റിപോര്‍ട്ടിനെ അനുകൂലിച്ചതിന്റെ പേരില്‍ വിമര്‍ശനം നേരിട്ട പി ടി തോമസ് എംഎല്‍എയുമായി പി അംബിക നടത്തിയ അഭിമുഖം:

2017 ജനുവരി 11നു സുപ്രിംകോടതി മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കവെ കേരള സര്‍ക്കാരിനോട് ചോദിച്ചത്, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ എന്തു മുന്‍കരുതല്‍ എടുത്തു എന്നാണ്. ഇതുമായി ബന്ധപ്പെട്ട് ഡബ്ല്യൂപിസി 878 എന്ന കേസില്‍ ഈ കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെപ്പറ്റി അന്വേഷണം നടത്താന്‍ അന്താരാഷ്ട്ര വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന ഹരജിക്കാരന്റെ ആവശ്യത്തോട്, അത്തരമൊരു അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് കേരള ഗവണ്‍മെന്റ് കൈക്കൊണ്ടത്.
അക്കാര്യം നടന്നിരുന്നെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ബലക്ഷയമുണ്ടെങ്കില്‍ അതു കണ്ടെത്താന്‍ കഴിയുകയും കേരളത്തിന് ഒരു ജലബോംബ് പോലെ ഭീഷണിയായി നില്‍ക്കുന്ന മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തിക്കൊണ്ടുവരുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ ശാസ്ത്രീയമായ പിന്തുണ ആര്‍ജിക്കാനും കഴിയുമായിരുന്നു. അതിനുള്ള അവസരമാണ് ഇല്ലാതാക്കിയത്.
പ്രളയാനന്തരകാല കേരളത്തെ എങ്ങനെ പുനര്‍നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പശ്ചിമഘട്ട സംരക്ഷണത്തിനായി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച മാധവ് ഗാഡ്ഗില്‍ റിപോര്‍ട്ടിനെ ഈ പുനര്‍നിര്‍മാണ പ്രക്രിയയില്‍ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുമോ എന്നു വ്യക്തമല്ല. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ യോഗത്തില്‍, ഏറ്റവും കൂടുതല്‍ പ്രളയദുരിതം ഉണ്ടായ പ്രദേശങ്ങളിലെ ജനപ്രതിനിധികളായ സജി ചെറിയാന്‍, രാജു എബ്രഹാം, കേളു എന്നിവരെ സംസാരിക്കാന്‍ പോലും അനുവദിച്ചില്ലെന്നത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ജനാധിപത്യ വിരുദ്ധത വ്യക്തമാക്കുന്നുണ്ട്. സംസാരിച്ചത് പി വി അന്‍വര്‍ എംഎല്‍എയെ പോലുള്ളവരാണ്. കാട്ടിലും ഉരുള്‍പൊട്ടിയില്ലേ, വേമ്പനാട്ട് കായലിലെ മണ്ണ് നീക്കം ചെയ്തു പ്രശ്‌നം പരിഹരിക്കാം, മരം ഇല്ലാഞ്ഞിട്ടും മഴ പെയ്തില്ലേ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ച എംഎല്‍എമാരാണ് സംസാരിച്ചത്.
ക്വാറികളുള്ള സ്ഥലങ്ങളിലെല്ലാമാണ് ഉരുള്‍പൊട്ടിയതെന്ന് കെഎഫ്ആര്‍ഐയിലെ ഡോ. സജീവനെ പോലുള്ളവര്‍ പഠനത്തിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്. ക്വാറികളില്‍ 95 ശതമാനവും അനധികൃതമാണ്. 85 ശതമാനവും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതാണെങ്കിലും സര്‍ക്കാരിന് അതില്‍ നിന്നു കാര്യമായി വരുമാനവുമില്ല. നിലവിലുള്ള നിയമം കര്‍ശനമായി നടപ്പാക്കിയാല്‍ തന്നെ ക്വാറികളെ നിയന്ത്രിക്കാവുന്നതേയുള്ളൂ.
ദുരിതാശ്വാസ ക്യാംപുകള്‍ തന്നെ നിരവധി തവണ മാറ്റേണ്ടിവന്നത് കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിന്റെ തെളിവാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്നത്, കേരളത്തില്‍ ഉണ്ടായ ദുരന്തം മനുഷ്യനിര്‍മിതമാണ്, അല്ലെങ്കില്‍ ഭരണകൂടത്തിന്റെ വീഴ്ച കൊണ്ടാണ് മുഖ്യമായും ദുരന്തമുണ്ടായത് എന്നാണ്. പ്രളയം മുന്നില്‍ക്കണ്ടുകൊണ്ട് എന്തെല്ലാം കാര്യങ്ങളാണ് ചെയ്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നു പറയുന്നത്. ഇത്തരം വീഴ്ചകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്.
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം ഗാഡ്ഗില്‍ റിപോര്‍ട്ടിനെ അടിസ്ഥാനമാക്കി ആയിരിക്കണമെന്ന വ്യക്തമായ അഭിപ്രായമാണ് എനിക്കുള്ളത്. ഈ വലിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലെങ്കിലും ഗാഡ്ഗില്‍ റിപോര്‍ട്ടിനെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. നവകേരള സൃഷ്ടിയെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി, ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ടിനെ അടിസ്ഥാനമാക്കി അത് നടപ്പാക്കുമെന്ന് എന്തുകൊണ്ടാണ് പറയാത്തത്? അതുപോലെ കാനം രാജേന്ദ്രന്‍, ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കുന്നതില്‍ തെറ്റുണ്ടെന്നു കരുതുന്നില്ലെന്നാണ് പറയുന്നത്. അതിനു പകരം ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയാണ് അദ്ദേഹം ചെയ്യേണ്ടിയിരുന്നത്.
മുമ്പ് കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും ഗാഡ്ഗില്‍ കമ്മിറ്റിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചത്. ബിജെപി മാത്രമാണ് അന്ന് അതിനെ അനുകൂലിച്ചത്. എന്നാല്‍, നരേന്ദ്ര മോദി അധികാരത്തില്‍ വന്നതോടെ അവര്‍ ഗാഡ്ഗില്‍ റിപോര്‍ട്ടിനെ കുറിച്ചു നിശ്ശബ്ദത പാലിക്കുകയാണ്. കോണ്‍ഗ്രസ്സും സിപിഎമ്മും അടക്കമുള്ള എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഗാഡ്ഗില്‍ റിപോര്‍ട്ടിനെ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. കേന്ദ്രത്തില്‍ പോയി പരിസ്ഥിതിലോല പ്രദേശങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ് ചെയ്തിരുന്നത്.
പശ്ചിമഘട്ടം എന്നു പറയുന്നത് മഹാരാഷ്ട്രയിലെ ദൂള്‍ ജില്ല മുതല്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരം താലൂക്ക് വരെ 1600 കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്നു. പശ്ചിമഘട്ടത്തില്‍ 480 കിലോമീറ്ററോളം കേരളത്തിന്റെ ഭാഗമാണ്. അതായത് 28.12 ശതമാനം. കേരളത്തില്‍ മാത്രമാണ് ഗാഡ്ഗില്‍ വിരുദ്ധ സമരം നടന്നത്. മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇതിനെതിരായി സമരം നടന്നതായി കണ്ടിട്ടില്ല. ഗാഡ്ഗില്‍ എഴുതിവച്ചത് ജനവിരുദ്ധമാണെങ്കില്‍ അവിടങ്ങളിലൊക്കെ സമരം കാണണമല്ലോ. മാധവ് ഗാഡ്ഗില്‍ റിപോര്‍ട്ട് പശ്ചിമഘട്ട സംരക്ഷണം എന്ന ലക്ഷ്യത്തോടെയുള്ളതാണ്, അല്ലാതെ ജനങ്ങളെ ദ്രോഹിക്കാനുള്ളതല്ല.
അത് നടപ്പാക്കേണ്ട രീതി വ്യക്തമായി അതില്‍ തന്നെ പറയുന്നുമുണ്ട്. നമ്മുടെ രാജ്യത്ത് 73, 74 ഭരണഘടനാ ഭേദഗതിയെ തുടര്‍ന്ന് നിലവില്‍ വന്ന ഭരണനിര്‍വഹണ യൂനിറ്റുകള്‍ ഗ്രാമസഭകളും വാര്‍ഡ് സഭകളുമാണ്. ഈ രണ്ടു ഘടകങ്ങളിലും ചര്‍ച്ച ചെയ്തു വേണം ഗാഡ്ഗില്‍ റിപോര്‍ട്ട് നടപ്പാക്കാന്‍ എന്ന് അതില്‍ തന്നെ വ്യവസ്ഥയുണ്ട്. കര്‍ഷകര്‍ അടക്കമുള്ള മുഴുവന്‍ ജനവിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ടു വേണം റിപോര്‍ട്ട് നടപ്പാക്കാന്‍ എന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്. മാധവ് ഗാഡ്ഗില്‍ കൃഷി ഉപേക്ഷിക്കണമെന്ന് ആരോടും പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞത്, മണ്ണൊലിപ്പ് ഉണ്ടാക്കുന്ന കൃഷിരീതി മാറ്റി മണ്ണ് സംരക്ഷിക്കുന്ന കൃഷിരീതി അവലംബിക്കണമെന്നു മാത്രമാണ്.
അതുപോലെ, ജൈവകൃഷിയിലേക്ക് കര്‍ഷകര്‍ മാറിയാല്‍ അതുവഴി അവര്‍ക്ക് ഉണ്ടാവുന്ന നഷ്ടം സര്‍ക്കാര്‍ നികത്തണം എന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. കര്‍ഷകരെ സഹായിക്കുന്ന നിരവധി നിര്‍ദേശങ്ങളാണ് റിപോര്‍ട്ടിലുള്ളത്. ഉദാഹരണമായി, കാട്ടുപന്നികളുടെ ശല്യത്തെക്കുറിച്ച് വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, കാസര്‍കോട് തുടങ്ങിയ ജില്ലകളിലെ മലയോര മേഖലയിലെ കൃഷിക്കാര്‍ പരാതിപ്പെടാറുണ്ട്. അതിനു പോലും ഗാഡ്ഗില്‍ നല്ലൊരു നിര്‍ദേശം വച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞത്, കാട്ടുപന്നിയുടെ ശല്യം പെരുകുമ്പോള്‍ അവയെ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പിടിച്ച്, അതിന്റെ ഉല്‍പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളായി വില്‍പന നടത്തി അതിന്റെ റോയല്‍റ്റി കൃഷിക്കാര്‍ക്ക് വിതരണം ചെയ്യണം എന്നാണ്. ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ട് കര്‍ഷകവിരുദ്ധമായിരുന്നില്ല. അത് അങ്ങനെയാണെന്നു വരുത്തിത്തീര്‍ക്കുകയായിരുന്നു.
ഉരുള്‍പൊട്ടല്‍ കാട്ടില്‍ ഉണ്ടാവുന്നില്ലേ എന്നാണ് ചില എംഎല്‍എമാര്‍ നിയമസഭയില്‍ ചോദിച്ചത്. അവരോട് ഉദാഹരണമായി പറയാനുള്ളത് സൈലന്റ് വാലിയുടെ കാര്യമാണ്. കേരളത്തിലെ ഏറ്റവും കിഴുക്കാംതൂക്കായ സൈലന്റ് വാലിയില്‍ ഒരു ഉരുള്‍പൊട്ടല്‍ പോലും ഉണ്ടായിട്ടില്ല.
ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ഉണ്ടാവുമായിരുന്ന ഗുണം, 50 വര്‍ഷം പഴക്കമുള്ള ഡാമുകള്‍ ഡീകമ്മീഷന്‍ ചെയ്യണമെന്ന വ്യവസ്ഥ നടപ്പാക്കാമായിരുന്നു എന്നതാണ്. കേരളത്തെ സംബന്ധിച്ച് ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായി നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കാനാവുമായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അതിനു തയ്യാറായില്ല. ി

(അവസാനിച്ചു.)

Next Story

RELATED STORIES

Share it