Flash News

ഗസ: നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗസ: അഭയാര്‍ഥികളാക്കപ്പെട്ട ഫലസ്തീനികള്‍ സ്വന്തം മണ്ണിലേക്കു തിരികെവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിനു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. എഎഫ്പി ഫോട്ടോഗ്രാഫര്‍ മുഹമ്മദ് അബ്ദുല്‍ ബദഅ് അടക്കം 620ലേറെ പേര്‍ക്കു പരിക്കേറ്റതായും ഫലസ്തീന്‍ വാര്‍ത്താഏജന്‍സി വഫ റിപോര്‍ട്ട് ചെയ്തു. 2000 മുതല്‍ എഎഫ്പിക്കു വേണ്ടി  ഫലസ്തീനില്‍ ജോലി ചെയ്യുകയാണ് ബദഅ്. കാലിനാണ് ഇദ്ദേഹത്തിനു വെടിയേറ്റത്. 120 പേരുടെ പരിക്ക്  വെടിയുണ്ടയേറ്റാണെന്നു ഫലസ്തീന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 26 കുട്ടികള്‍ക്കും 14 സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്്.
ഖാന്‍ യുനുസിലെ 15കാരനായ ഹൈത്തം അല്‍ ജമാലും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. തെക്കന്‍ ഗസ അതിര്‍ത്തിയില്‍ സയ്ദ് ജദലുല്ലാ ബുറീം(26), ജബലിയ്യയിലെ ഇമാദ് നബീല്‍ അബു ദറാബി(26), യുസുഫ് അല്‍ ഫാസിഹ് എന്നിവരാണു കൊല്ലപ്പെട്ടത്.
സമാധാനപരമായി പ്രക്ഷോഭം നടത്തുന്ന ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം ജീപ്പുകളിലെത്തിയും ഡ്രോണുകള്‍ വഴിയും കണ്ണീര്‍വാതക ഷെല്‍ പ്രയോഗിച്ചതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.   മാര്‍ച്ച് 30നു തുടങ്ങിയ പ്രക്ഷോഭത്തിനു നേരെയുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 124 ആയി. അതേസമയം, ഫലസ്തീനികള്‍ക്ക് അന്താരാഷ്ട്ര സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് അറബ് രാഷ്ട്രങ്ങള്‍ സമര്‍പ്പിച്ച പ്രമേയത്തില്‍ യുഎന്‍ പൊതു സഭയില്‍ ബുധനാഴ്ച വോട്ടെടുപ്പ് നടത്തും.  കഴിഞ്ഞ ആഴ്ച യുഎന്‍ രക്ഷാ സമിതിയോഗത്തില്‍ അവതരിപ്പിച്ച പ്രമേയം  യുഎസ് വീറ്റോ ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it