Flash News

ഗസ: ദഹ്‌ലാനെ നേതാവായി അവരോധിക്കാന്‍ ഇസ്രായേല്‍ നീക്കം



ഗസ സിറ്റി: ഫതഹ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട മുഹമ്മദ് ദഹ്‌ലാനെ (55) ഗസ നേതാവായി അവരോധിക്കാന്‍ ഇസ്രായേല്‍, ഈജിപ്ത്, യുഎഇ നീക്കം. ഭാവിയില്‍ ഫലസ്തീന്‍ അതോറിറ്റി നേതൃസ്ഥാനത്തുനിന്ന് മഹമൂദ് അബ്ബാസിനെ മാറ്റി പകരം ദഹ്‌ലാനെ നിയമിക്കാനാണ് നീക്കമെന്ന്  ഇസ്രായേലിലെ ഹാ ആരെറ്റ്്‌സ് പത്രത്തിലെ പത്രാധിപ സമിതി അംഗം ബരേല്‍ അറിയിച്ചു. വെസ്റ്റ്ബാങ്കില്‍നിന്ന് ഗസയെ വേര്‍പ്പെടുത്താനും ദഹ്‌ലാന്റെ സഹായത്തോടെ ഇസ്രായേല്‍ നീക്കം ആരംഭിക്കും. ഗസയില്‍ തുര്‍ക്കിക്കും ഖത്തറിനുമുള്ള സ്വാധീനം കുറച്ചുകൊണ്ടുവരാനും ഇസ്രായേലും സഖ്യകക്ഷികളും ലക്ഷ്യമിടുന്നു. അതേസമയം, ഗസയിലെ നിലവിലെ ഭരണകക്ഷിയായ ഹമാസ് ദഹ്‌ലാനെ എതിര്‍ക്കുമെന്നതടക്കമുള്ള സാധ്യതകള്‍ പരിഗണിച്ചാല്‍ ഇസ്രായേല്‍ സഖ്യത്തിന്റെ നീക്കം എത്രത്തോളം ഫലപ്രദമാവുമെന്ന് ഈ ഘട്ടത്തില്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍, ഈ നീക്കം വിജയിച്ചാല്‍ ഈജിപ്ത് ഗസയിലേക്കുള്ള റഫ അതിര്‍ത്തി തുറക്കുമെന്നും അതിര്‍ത്തിക്കു സമീപം യുഎഇ ഊര്‍ജ നിലയം ആരംഭിക്കുമെന്നും ബരേല്‍ വ്യക്തമാക്കി. ഫലസ്തീന്‍ അതോറിറ്റിയുടെ സുരക്ഷാ തലവനായിരുന്ന ദഹ്‌ലാനെ 2011ലാണ് സംഘടനയില്‍നിന്ന് പുറത്താക്കിയത്. ഫലസ്തീന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മഹമൂദ് അബ്ബാസിനെ പുറത്താക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നായിരുന്നു നടപടി. 2012 മുതല്‍ ഇയാള്‍ യുഎഇയിലാണ് കഴിയുന്നത്.
Next Story

RELATED STORIES

Share it