World

ഗസ: അന്താരാഷ്ട്ര അന്വേഷണം വേണം- യുഎന്‍

ജനീവ: ഗസാ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ക്കെതിരേ ഇസ്രായേല്‍ നടത്തിയത് ഏകപക്ഷീയ ആക്രമണമാണെന്നും ഇതില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം മേധാവി സെയ്ദ് റഅദ് അല്‍ ഹുസയ്ന്‍. അധിനിവേശ ശക്തികളുടെ നിയമവിരുദ്ധമായ പ്രവര്‍ത്തന ഫലമായാണ് ഗസാ താഴ്‌വരയില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടത്. മനപ്പൂര്‍വമുള്ള ഇത്തരം കൊലപാതകങ്ങള്‍ നാലാമത് ജനീവ കണ്‍വന്‍ഷന്‍ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും റഅദ് അല്‍ ഹുസയ്ന്‍ മുന്നറിയിപ്പു നല്‍കി.
യുഎന്‍ മനുഷ്യാവകാശ സമിതി ഗസാ വിഷയത്തില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നര മാസത്തിനിടെ ഗസാ അതിര്‍ത്തിയില്‍ നൂറിലധികം സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. ഗസയില്‍ കഴിഞ്ഞ തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ 60 ഫലസ്തീനികള്‍ കൊല്ലപ്പെട്ടപ്പോള്‍ ഒരു ഇസ്രായേല്‍ സൈനികനാണ് കല്ലേറില്‍ നിസ്സാര പരിക്കേറ്റത്. ഇരുവിഭാഗത്തും പരിക്കേറ്റവരുടെ എണ്ണത്തില്‍ വളരെ അന്തരമുണ്ട്. ഇസ്രായേല്‍ തികച്ചും അനിയന്ത്രിതമായ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരായുധരായ ഫലസ്തീന്‍ പ്രക്ഷോഭകരുടെ നെഞ്ചിലും തലയ്ക്കും ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. പരിക്ക് കുറയ്ക്കാന്‍ എന്തെങ്കിലും തരത്തിലുള്ള നീക്കം ഇസ്രായേല്‍ സൈന്യം നടത്തിയതിനു തെളിവില്ല. അതിനാല്‍, ഇസ്രായേലിനെതിരേ സ്വതന്ത്രമായ അന്താരാഷ്ട്രതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമിതി പ്രമേയം തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഗസാ അതിര്‍ത്തിയില്‍ സിവിലിയന്‍മാരുടെ സംരക്ഷണത്തിന് അന്താരാഷ്ട്ര സേനയെ വിന്യസിക്കണമെന്നു കുവൈത്ത് ആവശ്യപ്പെട്ടു. കുവൈത്ത് അംബാസഡര്‍ മന്‍സൂര്‍ അല്‍ ഉതയ്ബിയാണ് ഈ ആവശ്യം ഉന്നയിച്ചു യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിച്ചത്. ഗസാ അതിര്‍ത്തിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ ഹൃദയശൂന്യവും ലജ്ജാകരവുമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it