World

ഗസയില്‍ യഹ്‌യയാണ് താരം

ജറുസലേം: 56കാരനായ യഹ്‌യ സിന്‍വാര്‍ തന്റെ ആയുസ്സിന്റെ മുഖ്യഭാഗവും ഇസ്രായേലി ജയിലിലാണ് കഴിഞ്ഞത്. എന്നാല്‍, ഗസക്കാരുടെ വീരപുത്രനാണ് യഹ്‌യ. മെയ് 26ന് ഇസ്രായേലികള്‍ 60 ഫലസ്തീനികളെ വെടിവച്ചു കൊന്നപ്പോള്‍ അവര്‍ ഫലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്ത് പറയുന്നുവെന്നല്ല നോക്കിയത്. അവര്‍ക്ക് യഹ്‌യയുടെ വാക്കുകളായിരുന്നു പ്രധാനം.
ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ പുതിയ പ്രതീകമാണ് യഹ്‌യ. ഹമാസിന്റെ സായുധസംഘമായ ഇസ്സുദീനുല്‍ ഖസ്സാം ബ്രിഗേഡിന്റെ കമാന്‍ഡറായ യഹ്‌യ തന്നെയാണ് ഇസ്രായേലിനു വേണ്ടി ചാരപ്പണിയെടുക്കുന്ന ഫലസ്തീനികളെ ഒതുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. 1000ലധികം തടവുകാരെ ഇസ്രായേലി ജയിലില്‍ നിന്നു മോചിപ്പിക്കുന്നതിനായി ഇസ്രായേലി ഭടനായ ശിഹാദ് ശാലിത്തിനെ പിടികൂടിയ പദ്ധതിയുടെ ആസൂത്രകനും അദ്ദേഹമായിരുന്നു.
1988ല്‍ ഒരു ഇസ്രായേലി കോടതി നാലു ജീവപര്യന്തം തടവിനാണ് യഹ്‌യയെ ശിക്ഷിച്ചത്. പിന്നീട് രണ്ടു ദശാബ്ദം കഴിഞ്ഞ് മോചനം. ചോദ്യം ചെയ്യുന്നതിനിടയില്‍ അസാമാന്യമായ മനോദാര്‍ഢ്യം പ്രകടിപ്പിച്ചതിനു മൊസാദിന്റെ പ്രശംസ പിടിച്ചുപറ്റിയ യഹ്‌യ തുടര്‍ന്ന് ഇസ്രായേലികളുമായുള്ള സന്ധിസംഭാഷണത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ഹമാസ് പോളിറ്റ് ബ്യൂറോ ഗസയിലെ സുരക്ഷാ ചുമതല യഹ്‌യയ്ക്ക് നല്‍കുന്നതും ഈ പരിചയം വച്ചാണ്.
അതേയവസരം അല്‍ഫത്തഹിന്റെ സുരക്ഷാ മേധാവിയായ മുഹമ്മദ് ദഹ്‌ലനുമായുള്ള യഹ്‌യയുടെ സൗഹൃദം സംശയദൃഷ്ടിയോടെ കാണുന്നവരുമുണ്ട്. ഗള്‍ഫ് ഏകാധിപതികളുമായി അടുത്ത ബന്ധമുള്ള ദഹ്‌ലനെ ഹമാസ് ഗസയില്‍ നിന്നു പുറത്താക്കുകയായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലം ആശുപത്രിയില്‍ കഴിയുന്ന അബ്ബാസിന്റെ പകരക്കാരനാവാനുള്ള ശ്രമത്തിലാണ് ദഹ്‌ലന്‍.
Next Story

RELATED STORIES

Share it