World

ഗസയില്‍ പ്രതിഷേധം തുടരുന്നു

ഗസസിറ്റി: ഗസയില്‍ ഫലസ്തീന്‍ പ്രക്ഷോഭകരെ കൊലപ്പെടുത്തിയ സൈന്യത്തിന്റെ നടപടിയെ പ്രകീര്‍ത്തിച്ച്് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നിരായുധരായ പ്രക്ഷോഭകര്‍ക്കുനേരേ വെടിയുതിര്‍ത്ത ഇസ്രായേല്‍ സൈന്യത്തിനെതിരേ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. രാജ്യത്തിന്റെ അതിര്‍ത്തിയെ സംരക്ഷിക്കുകയും ഇസ്രായേലി പൗരന്‍മാര്‍ക്ക് സമാധാനപരമായി വിശേഷ ദിവസം ആഘോഷിക്കാന്‍ അവസരമൊരുക്കുകയും ചെയ്ത സൈന്യത്തിന് നന്ദി പ്രകടിപ്പിക്കുന്നതായി നെതന്യാഹുവിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. വെള്ളിയാഴ്്ച ഭൂമി ദിനത്തില്‍ പങ്കെടുത്ത ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. ദിനാചരണം ആരംഭിക്കുന്നതിനു മുമ്പ് ഗസ അതിര്‍ത്തിയില്‍ ഒരു കര്‍ഷകനേയും ഇസ്രായേല്‍ സേന കൊലപ്പെടുത്തിയിരുന്നു.
കൂട്ടക്കൊലയ്‌ക്കെതിരേ ഗസയില്‍ പ്രതിഷേധം തുടരുകയാണ്. കൂട്ടക്കൊലയ്‌ക്കെതിരേ പ്രതിഷേധിച്ചവര്‍ക്കുനേരേയും ഇസ്രായേല്‍ സേന ആക്രമണം നടത്തി. ആക്രമണങ്ങളില്‍ 70പേര്‍ക്ക് പരിക്കേറ്റു. പതിനായിരക്കണക്കിന് പേര്‍ പ്രതിഷേധവുമായി ഗസയിലും വെസ്റ്റ്ബാങ്കിലും തെരുവിലിറങ്ങി. സൈന്യത്തിന്റെ ആക്രമണത്തിന് ഇസ്രായേല്‍ ഭരണകൂടമാണ് ഉത്തരവാദിയെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രതികരിച്ചു.
പ്രക്ഷോഭത്തിനിടെ നിരായുധനായ ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ സൈന്യം പിറകില്‍ നിന്ന് വെടിവച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ സാമൂഹിക മാധ്യമങ്ങളില്‍ പുറത്തുവന്നു. 19കാരനായ അബ്ദുല്‍ഫത്താഹ് അബ്ദുല്‍നബി എന്നയാളെ  ഇസ്രായേല്‍ സൈന്യം വെടിവയ്ക്കുന്നതിന്റെ ദൃശ്യമാണ് വീഡിയോയിലുള്ളത്. ഗസയിലെ ഇസ്രായേല്‍ ആക്രമണത്തിനെതിരായ യുഎന്‍ രക്ഷാസമിതി പ്രമേയം പുറത്തിറക്കുന്നതിനെ യുഎസ് തടഞ്ഞതായി വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്്്. സംഘര്‍ഷം സംബന്ധിച്ച് അന്വേഷണം പുറപ്പെടുവിക്കാനുള്ള പ്രമേയത്തെ യുഎസ് രാക്ഷാ സമിതിയില്‍ എതിര്‍ത്തതായി നയതന്ത്ര ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2014ലെ ഗസ ആക്രമണത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് വെള്ളിയാഴ്ചത്തേത്്. 1976ല്‍ തങ്ങളുടെ ഭൂമി കൈവശപ്പെടുത്തുന്നതിനെതിരേ പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രായേല്‍ സേന വെടിവച്ചു കൊലപ്പെടുത്തിയതിന്റെ ഓര്‍മയായാണ് ഭൂമി ദിനം ആചരിച്ചു വരുന്നത്.
Next Story

RELATED STORIES

Share it