World

ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു;ഗര്‍ഭിണിയും കുഞ്ഞും മരിച്ചു

ഗസാ സിറ്റി: കിഴക്കന്‍ ഗസാ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയും അവരുടെ മൂന്നുവയസ്സായ മകളും കൊല്ലപ്പെട്ടു. നൂര്‍ ഹസ(30)യും മകള്‍ ശഹദുമാണ് കൊല്ലപ്പെട്ടതെന്നു മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ 11 ദിവസത്തിനിടെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 22 ആയി.  ശനിയാഴ്ച ഗസാ മുനമ്പില്‍ രണ്ടു കൗമാരക്കാരെയും മറ്റു മൂന്നുപേരെയും  ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നിരുന്നു.

ഹമാസ് സൈനിക പരിശീലനകേന്ദ്രത്തിനു നേരെ നടന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ വീടു തകര്‍ന്നാണ് യുവതിയും കുഞ്ഞും കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മൂന്നുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ മൂന്നുപേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇവര്‍ക്കായി ഫലസ്തീന്‍ രക്ഷാസേന തിരച്ചില്‍ തുടരുകയാണ്. അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ കാറിലുണ്ടായ സ്‌ഫോടനത്തില്‍ ഫലസ്തീനി യുവതിക്ക് ഗുരുതര പരിക്കേറ്റു. യഹൂദ കുടിയേറ്റമേഖലയായ മാലി അഡുമിം മേഖലയിലാണു സംഭവം.  ഗസയില്‍നിന്നു തെക്കന്‍ ഇസ്രായേലിനു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിനു തിരിച്ചടിയായാണ് ആക്രമണമെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു.

മേഖലയിലെ ഹമാസിന്റെ രണ്ട് ആയുധനിര്‍മാണകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. അതേസമയം, കിഴക്കന്‍ ജറുസലേമിലും വെസ്റ്റ്ബാങ്കിലും ഫലസ്തീനികളും ഇസ്രായേല്‍ സുരക്ഷാസേനയും സംഘട്ടനം തുടരുകയാണ്. സ്ഥിതിഗതികള്‍ വലിയ സംഘര്‍ഷത്തിലേക്കു നീങ്ങുകയാണെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സംഘര്‍ഷത്തില്‍ യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി നേരത്തേ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ഫോണില്‍ സംസാരിച്ചു. സമാധാനം പുനസ്ഥാപിക്കാന്‍ അദ്ദേഹം സഹായം വാഗ്്ദാനം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it