ഗസയിലെ വിളകള്‍ നശിപ്പിച്ചതായി ഇസ്രായേല്‍ സൈന്യം

ബൈറൂത്ത്: ഗസയിലെ ഇസ്രായേല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാ വേലികള്‍ക്കു സമീപമുള്ള കാര്‍ഷിക വിളകള്‍ തങ്ങള്‍ നശിപ്പിച്ചതായി ഇസ്രായേല്‍ സൈന്യത്തിന്റെ സ്ഥിരീകരണം. സുരക്ഷാ വേലിക്കു സമീപത്തുള്ള വിളകള്‍ നശിപ്പിക്കാന്‍ മേഖലയില്‍ കളനാശിനി തളിച്ചതായി വ്യാഴാഴ്ച ഇസ്രായേല്‍ സൈന്യം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
മേഖലയില്‍ ഫലസ്തീന്‍ പോരാളികളുടെ പ്രവര്‍ത്തനവും സ്‌ഫോടനവസ്തുക്കള്‍ ഒളിപ്പിച്ചുവയ്ക്കുന്നതും തടയാനാണു വിളകള്‍ നശിപ്പിച്ചതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ന്യായീകരണം. ഇസ്രായേല്‍ സൈന്യം തങ്ങളുടെ വിളകള്‍ നശിപ്പിക്കുന്നു എന്ന് ഫലസ്തീന്‍ കര്‍ഷകര്‍ കഴിഞ്ഞ ആഴ്ച പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ സ്ഥിരീകരണം. മേഖലയില്‍ നിരവധി ദിവസങ്ങളില്‍ ഇസ്രായേലിന്റെ ജറ്റ് വിമാനങ്ങള്‍ കളനാശിനികള്‍ തളിച്ചതായും തങ്ങളുടെ കാര്‍ഷികവിളകള്‍ നശിച്ചെന്നുമായിരുന്നു കര്‍ഷകരുടെ പരാതി. ഗസാ അതിര്‍ത്തിയില്‍ കഴിഞ്ഞ ആഴ്ച്ച 3000 സ്‌ക്വയര്‍ മീറ്റര്‍ കൃഷി നശിപ്പിച്ചതായി ഫലസ്തീന്‍ കൃഷിമന്ത്രാലയത്തെ ഉദ്ധരിച്ച് അനാദൊലു വാര്‍ത്താ ഏജന്‍സിയും റിപോര്‍ട്ട് ചെയ്തിരുന്നു. ഗസ സ്ട്രിപ്പിനെ ഇസ്രായേലുമായി വേര്‍തിരിക്കുന്ന വേലിക്കു സമീപത്തെ കൃഷിയിടങ്ങളില്‍ നിന്നു നിരവധി കര്‍ഷകരെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊലപ്പെടുത്തിയിട്ടുണ്ട്.
അധിനിവേശ കിഴക്കന്‍ ജെറുസലേമിലും വെസ്റ്റ്ബാങ്കിലും ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ 142 ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണു കണക്ക്. ഇസ്രായേലിന്റെ ഉപരോധം കാരണം ഗസ നിവാസികള്‍ അവശ്യവസ്തുക്കള്‍ കിട്ടാതെ ദുരിതമനുഭവിക്കുന്നതിനിടയിലാണു സൈന്യത്തിന്റെ പുതിയ നീക്കം.
Next Story

RELATED STORIES

Share it