kozhikode local

ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് നാല് മാസമായി ഫെല്ലോഷിപ്പ് തുക ലഭിക്കുന്നില്ല

പൊന്നാനി: വിവിധ സര്‍വകലാശാലകള്‍ക്ക് കീഴില്‍ ഗവേഷണം നടത്തുന്നവര്‍ക്കുള്ള ഫെല്ലോഷിപ്പ് തുക നാല് മാസമായി വിതരണം മുടങ്ങി. യുജിസിയില്‍ ഫണ്ടില്ലാത്തതിനാലാണ് ഫെല്ലോഷിപ്പ് തുക മുടങ്ങാന്‍ കാരണമെന്ന് വകുപ്പ് തലവന്‍മാര്‍ പറയുന്നു. ഫെലോഷിപ്പ് തുക കിട്ടാതായത് ഗവേഷക വിദ്യര്‍ഥികള്‍ക്ക് പ്രയാസമായിരിക്കുകയാണ്. യുജിസി നേരിട്ട് സര്‍വകലാശാലകള്‍ വഴി വിതരണം ചെയ്യുന്ന ഫെല്ലോഷിപ്പ്  തുകയാണ് മുടങ്ങിയത്. അതേസമയം, കനറാ ബാങ്ക് വഴിയും യുജിസി അല്ലാതെ സയന്‍സ് വിഷയങ്ങള്‍ ൈകകാര്യം ചെയ്യുന്ന പിഎസ്‌ഐആര്‍ വഴിയും നല്‍കുന്ന ഫെല്ലോഷിപ്പുകള്‍ക്ക് മുടക്കം വന്നിട്ടില്ലെന്ന് വിവിധ സര്‍വകലാശാലകളിലെ ഗവേഷക വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും കൂടുതല്‍ പേര്‍ ഗവേഷകരായുള്ള യുജിസിക്ക് കിഴിലാണ് ഫണ്ട് മുടങ്ങിയിട്ടുള്ളത്. പ്രധാനമായും കാലിക്കറ്റ് സര്‍വകലാശാല, അലിഗഡ്, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, ഹൈദരാബാദിലെ ഫോറിന്‍ ലാംഗ്വേജ് സര്‍വകലാശാല എന്നിവിടങ്ങളിലെ ആയിരത്തോളം പേരാണ് നാല് മാസമായി ഫെല്ലോഷിപ്പ് തുക ലഭിക്കാതെ ദുരിതത്തിലായത്. ഒരു വിദ്യാര്‍ഥിക്ക് ഒരു മാസം 36,000 രൂപയാണ് ഫെല്ലോഷിപ്പ് തുക ലഭിക്കേണ്ടത്. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ക്ക് ലഭിക്കുന്നത് 24,000 രൂപ മാത്രമാണ്. ഒരു വര്‍ഷം മുന്‍പ് ഫെലോഷിപ്പ് തുക 24,000ത്തില്‍ നിന്ന് 36,000 ആക്കി ഉയര്‍ത്തിയെങ്കിലും തുക ഇതുവരെ  ലഭിച്ചിട്ടില്ല. ഇതിനിടയിലാണ് കഴിഞ്ഞ നാല് മാസമായി ലഭിച്ചിരുന്ന തുക കൂടി മുടങ്ങിയത് . ഫെല്ലോഷിപ്പ് തുക കിട്ടാതായതോടെ കേരളത്തിന് പുറത്തെ സര്‍വകലാശാലകളില്‍ ഗവേഷക വിദ്യാര്‍ഥിയായിട്ടുള്ളവര്‍ പണത്തിന് വേണ്ടി മറ്റു ജോലികളില്‍ ഏര്‍പ്പെടുകയോ നാട്ടിലേക്ക് തിരിച്ചു വരികയോ ചെയ്തിരിക്കുകയാണ്. കേന്ദ്രം ഫണ്ട് അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് പറഞ്ഞ് കൈയ്യൊഴിയുകയാണ് വകുപ്പ് തലവന്‍മാര്‍ ചെയ്യുന്നതെന്ന് ഗവേഷക വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.
Next Story

RELATED STORIES

Share it