ഗവാസ്‌ക്കറുടെയും സ്‌നിഗ്ധയുടെയും ഹരജികള്‍ ഒരുമിച്ചു പരിഗണിക്കും

കൊച്ചി: എഡിജിപി സുധേഷ്‌കുമാറിന്റെ മകള്‍ സ്‌നിഗ്ധ കുമാറിനെ മര്‍ദിച്ചെന്ന കേസ് റദ്ദാക്കണമെന്ന പോലിസ് ഡ്രൈവര്‍ ഗവാസ്‌ക്കറിന്റെ ഹരജിയും ഗവാസ്‌ക്കറിനെ മര്‍ദിച്ചെന്ന തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന സ്‌നിഗ്ധ  കുമാറിന്റെ ഹരജിയും ഹൈക്കോടതി ഒരുമിച്ചു പരിഗണിക്കും. കേസുകള്‍ ഒരുമിച്ച് പരിഗണിക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഫയലുകള്‍ ചീഫ് ജസ്റ്റിസിന് സമര്‍പ്പിക്കാന്‍ സിംഗിള്‍ബെഞ്ച് രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി.
ഗവാസ്‌ക്കറുടെ പരാതിയി ല്‍ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്‌നിഗ്ധ  കുമാര്‍ സമര്‍പ്പിച്ച ഹരജിയാണ് ഇന്നലെ കോടതി പരിഗണിച്ചത്.
തന്നെ ഗവാസ്‌ക്കര്‍ മര്‍ദിച്ചപ്പോള്‍ തള്ളി മാറ്റുക മാത്രമാണ് ഉണ്ടായതെന്ന് സ്‌നിഗ്ധയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വാദിച്ചു. തള്ളിയതാണോ അടിച്ചതാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തിലൂടെ തെളിയട്ടെയെന്നും എന്തിനാണ് ആശങ്കപ്പെടുന്നതെന്നും കോടതി വാക്കാല്‍ ചോദിച്ചു. പോലിസ് അന്വേഷണം നടത്തട്ടെ. ഇപ്പോള്‍ കേസും കൗണ്ടര്‍ കേസുമുണ്ടല്ലോയെന്നും കോടതി ചോദിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തയുടന്‍ അത് റദ്ദാക്കാന്‍ മെഡിക്കല്‍ റിപോര്‍ട്ടുമായി ഓടിയെത്തുന്നത് ശരിയല്ലെന്ന് സര്‍ക്കാര്‍ വാദിച്ചു.
ഗവാസ്‌ക്കറിന്റെ കേസില്‍ പോലിസ് ഇതുപോലെ കര്‍ശനമായ നിലപാടല്ല സ്വീകരിക്കുന്നതെന്നു സ്‌നിഗ്ധയുടെ അഭിഭാഷകനും വാദിച്ചു. രണ്ടു ഹരജികളും ഒരുമിച്ചു പരിഗണിക്കണമോയെന്നു കോടതി ചോദിച്ചു. രണ്ടു കേസും ഒരുമിച്ചു പരിഗണിച്ചാല്‍ പോലിസിന് രണ്ട് നിലപാട് സ്വീകരിക്കാനാവില്ലെന്നും അങ്ങനെ വേണമെന്നും സ്‌നിഗ്ധയുടെ അഭിഭാഷകന്‍ പറഞ്ഞു.
സര്‍ക്കാരും ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചില്ല. തുടര്‍ന്നാണ് രണ്ട് ഹരജികളും ഒരുമിച്ചു പരിഗണിക്കുന്ന കാര്യം തീരുമാനിക്കാന്‍ വിഷയം ചീഫ് ജസ്റ്റിസിന് മുമ്പില്‍ വയ്ക്കാന്‍ രജിസ്ട്രിക്കു കോടതി നിര്‍ദേശം നല്‍കിയത്.
Next Story

RELATED STORIES

Share it