ഗവര്‍ണറോട് പോലിസ് അനാദരവ് കാട്ടിയെന്ന്; റിപോര്‍ട് ആവശ്യപ്പെട്ടു

കൊച്ചി: കൊച്ചിയില്‍ എറണാകുളം കരയോഗം നവതിയാഘോഷം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തോട് പോലിസ് അനാദരവ് കാണിച്ചതായി ആക്ഷേപം. സംഭവത്തില്‍ ഗവര്‍ണറുടെ ഓഫിസ് റിപോര്‍ട് ആവശ്യപ്പെട്ടു.
രാവിലെ 7.30ന് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെത്തിയ ഗവര്‍ണറെ പ്രോട്ടോകോള്‍ അനുസരിച്ച് പോലിസ് അഭിവാദ്യം ചെയ്തില്ലത്രേ. നാഷനല്‍ സല്യൂട്ട് നല്‍കേണ്ടതിനാല്‍ ബ്യൂഗിള്‍ മുഴക്കിയാണ് ഗവര്‍ണറെ അഭിവാദ്യം ചെയ്യേണ്ടത.് എന്നാല്‍, ഇതുണ്ടായില്ല. ഇതിന് ചുമതലപ്പെടുത്തിയ ബ്യൂഗ്ലര്‍ എത്താന്‍ വൈകിയതിനാലാണ് അഭിവാദ്യം ചെയ്യല്‍ നടക്കാതെ പോയത്. നടപടിക്രമങ്ങളിലെ വീഴ്ച ശ്രദ്ധയില്‍പ്പെട്ട ഗവര്‍ണറുടെ എഡിസി സിറ്റി പൊലിസ് കമ്മീഷണറെ വിവരമറിയിച്ചു. തുടര്‍ന്ന് കമ്മീഷണര്‍ എം പി ദിനേശ്, അസി. കമ്മീഷണര്‍ എസ് ടി സുരേഷ്‌കുമാര്‍ എന്നിവര്‍ ഗസ്റ്റ് ഹൗസിലെത്തി. സിറ്റി എആര്‍ ക്യാംപിലെ ബ്യൂഗ്ലര്‍ സതീശനെ ഗവര്‍ണറെത്തുമ്പോള്‍ ഡ്യൂട്ടിക്കായി നേരത്തേ തന്നെ ചുമതലപ്പെടുത്തിയിരുന്നു. ഫോര്‍ട്ട്‌കൊച്ചിയില്‍നിന്ന് എത്തേണ്ടിയിരുന്ന ഇയാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദംമൂലം എത്താന്‍ വൈകിയതാണെന്ന് എആര്‍ ക്യാംപ് കമാന്‍ഡന്റ് ഇ കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് സിറ്റി പോലിസ് കമ്മീഷണറുടെ ആവശ്യപ്രകാരം എആര്‍ ക്യാംപ് കമാന്‍ഡന്റ് റിപോര്‍ട്ട് നല്‍കിയതായാണ് വിവരം. ഗാര്‍ഡ് ഓഫിസറെ ഒഴിവാക്കിയാണ് റിപോര്‍ട്ട് നല്‍കിയതെന്നും സൂചനയുണ്ട്. രാഷ്ട്രീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ഒഴിവാക്കിയതെന്നും പറയപ്പെടുന്നു.
Next Story

RELATED STORIES

Share it