ഗവര്‍ണറുടെ നയപ്രഖ്യാപനം 1.75 ലക്ഷം വീടുകള്‍ നിര്‍മിക്കും

തിരുവനന്തപുരം: എല്ലാവര്‍ക്കും പാര്‍പ്പിടം പദ്ധതിയുടെ ഭാഗമായി 1.75 ലക്ഷം വീടുകള്‍ നിര്‍മിക്കും. ആദ്യഘട്ടമായി ഈ സാമ്പത്തിക വര്‍ഷത്തില്‍ 7000 വീടുകള്‍ നിര്‍മിക്കും. ശേഷിക്കുന്നവ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. അടുത്തവര്‍ഷം നിരവധി പരിപാടികള്‍ ഏറ്റെടുക്കുമെന്നും നയപ്രഖ്യാപന പ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
രണ്ടു സെന്റ് ഭൂമി കൈവശമുള്ള താഴ്ന്ന വരുമാനത്തില്‍പ്പെട്ടവര്‍ക്ക് ആ ഭൂമിയില്‍ വീടു നിര്‍മിക്കാനായി കാരുണ്യ വായ്പ പദ്ധതിയും താഴ്ന്ന വരുമാനക്കാര്‍ക്ക് മിതമായ നിരക്കിലുള്ള വീട് നിര്‍മിക്കാനായി ഹരിത ഭവനം വായ്പാപദ്ധതിയും നടപ്പാക്കും. ദുര്‍ബലവിഭാഗങ്ങള്‍ക്കായി ഭവനനിര്‍മാണ മേഖലയില്‍ ഷെല്‍റ്റര്‍ ഫണ്ട് സ്‌കീം നടപ്പാക്കുന്നതിന് അടുത്ത സാമ്പത്തിക വര്‍ഷം ഷെല്‍റ്റര്‍ ഫണ്ട് ട്രസ്റ്റ് രൂപീകരിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വാടക അടിസ്ഥാനത്തില്‍ താമസസൗകര്യം നല്‍കുന്നതിന് സാന്ത്വനം റെന്റല്‍ ഹൗസിങ് സ്‌കീം കൊണ്ടുവരും. ഹഡ്‌കോയ്ക്ക് പലിശ ഉള്‍പ്പടെ 730.67 കോടി രൂപ നല്‍കി കേരള സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിനെ ഋണവിമുക്തമാക്കുകയും ഓരോ കൂടുംബത്തിനും ഒരു പാര്‍പ്പിടം ഉറപ്പുവരുത്തുകയെന്ന സര്‍ക്കാരിന്റെ സ്വപ്‌നം സാക്ഷാല്‍കരിക്കുകയും ചെയ്യുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
നിര്‍മാണ മേഖലയിലെ തൊഴില്‍രഹിതര്‍ക്ക് സ്വയംതൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കൈത്തൊഴില്‍ പരിശീലനം നല്‍കും. പൊതുജനങ്ങള്‍ക്ക് പരിസ്ഥിതി ബോധവല്‍ക്കരണം നല്‍കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പരിസ്ഥിതി മ്യൂസിയവും പരിശീലന കേന്ദ്രവും സ്ഥാപിക്കാന്‍ ആലോചനയുണ്ട്. പശ്ചമഘട്ടത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് കേരള പെര്‍സ്‌പെക്ടീവ് പ്ലാന്‍-2030ന് പ്രധാനമായും ഊന്നല്‍ നല്‍കും. സംസ്ഥാനത്ത് നൂതനരീതിയിലുള്ള നഗര വനവല്‍ക്കരണ പദ്ധതി നടപ്പാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ആദ്യഘട്ടമായി എറണകുളം, കോഴിക്കോട് നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുക. വനങ്ങളിലെ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനായി നിരീക്ഷണ സംവിധാനമെന്ന നിലയില്‍ സീംലെസ് വയര്‍ലെസ് നെറ്റ്‌വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തും. മല്‍സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്കായി ഈവര്‍ഷം പ്രത്യേക പാക്കേജ് നടപ്പാക്കും. മാതൃകാ അക്വാകള്‍ച്ചര്‍ ഫാമുകള്‍ പ്രോല്‍സാഹിപ്പിക്കും. കായലുകള്‍, ജലസംഭരണികള്‍, ഓരുജലം എന്നിവയില്‍ അക്വാകള്‍ച്ചര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും.
മദ്യരഹിത കേരളമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു. പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കും. 2016 അവസാനത്തോടെ കേരളത്തെ സമ്പൂര്‍ണ ജൈവ സംസ്ഥാനമാക്കി മാറ്റുമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കി.
മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി പ്രത്യേക വിദ്യാഭ്യാസ പദ്ധതി നടപ്പാക്കും. എറണാകുളത്തും കോഴിക്കോട്ടും വനവല്‍ക്കരണ പദ്ധതി. വിവിധ പഞ്ചായത്തുകളിലെ 50,000 ഹെക്ടര്‍ സ്ഥലത്ത് മണ്ണുപരിശോധന നടത്തും. 'സേവ് ഫുഡ്, സേവ് വാട്ടര്‍' പദ്ധതികളില്‍ പെടുത്തി 50 ഗ്രാമങ്ങള്‍ ദത്തെടുക്കും. പാലക്കാട്ടെ സിന്തറ്റിക് ട്രാക്ക് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും. ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിടെ ബൈപ്പാസ് നിര്‍മാണം വൈകാതെ പൂര്‍ത്തിയാക്കും.
തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ ട്രെയിന്‍ പരിഗണിക്കും. എറണാകുളത്തും കോഴിക്കോട്ടും അര്‍ബന്‍ ഫോറസ്റ്ററി സ്‌കീം നടപ്പാക്കും. താറാവ് കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. ട്രഷറി ഇടപാടിനെ കടലാസ് വിമുക്തമാക്കും. കൊച്ചിയില്‍ ബിസിനസ് ടു ബിസിനസ് മീറ്റ് ഈ മാസം നടത്തും.
Next Story

RELATED STORIES

Share it